മദ്യപിച്ചാൽ ബഹളമുണ്ടാക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ, മദ്യലഹരിയിലായിട്ടും തെരുവിലൂടെ നടന്നുപോകുന്നതിനിടെ വീടുകൾക്ക് പുറത്ത് ഉണങ്ങാനിട്ടിരുന്ന അപരിചിതരുടെ വസ്ത്രങ്ങൾ വളരെ വൃത്തിയായി മടക്കിവെക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
തായ്ലൻഡിലെ ബാങ്കോക്കിലുള്ള ‘ബാങ് വെയ്ക് സോയ് 2’ എന്ന ജനവാസ മേഖലയിലാണ് ഈ രസകരമായ സംഭവം നടന്നത്. പ്രദേശത്തെ ഒരു വീടിന് പുറത്ത് ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾക്ക് അരികിലേക്ക് യുവാവ് നടന്നെത്തുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് ഓരോ വസ്ത്രങ്ങളായി എടുത്ത് വളരെ ശ്രദ്ധയോടെയും വൃത്തിയോടെയും മടക്കിവെക്കാൻ തുടങ്ങി. ഒരൊറ്റ വീട്ടിൽ മാത്രമല്ല, തെരുവിലെ മറ്റ് പല വീടുകൾക്ക് പുറത്തും ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ ഇത്തരത്തിൽ അയാൾ അടുക്കിവെച്ചു.
ആരാണ് ഈ യുവാവെന്നോ ഏത് രാജ്യക്കാരനാണെന്നോ വ്യക്തമല്ല. പ്രദേശവാസികളെ അമ്പരപ്പിച്ച ഈ ‘സൗജന്യ ലോൺട്രി സേവനം’ ആരോ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. വീഡിയോ വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമായാണ് നെറ്റിസൺസ് എത്തുന്നത്.
അതേസമയം, ഇയാൾ യഥാർഥത്തിൽ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. “വീഡിയോ പലതവണ കണ്ടപ്പോൾ അയാൾ മദ്യപിച്ചതായി തോന്നുന്നില്ല. കാലുകൾ ഇടറുന്നില്ല, വളരെ കൃത്യതയോടെയാണ് വസ്ത്രങ്ങൾ മടക്കുന്നത്. ഒരുപക്ഷേ അത് അയാളുടെ തന്നെ വസ്ത്രങ്ങളായിരിക്കാം, നനവുള്ള ഒരു വസ്ത്രം മടക്കാതെ വിട്ടിട്ടുമുണ്ട്” എന്നായിരുന്നു ഒരാളുടെ നിരീക്ഷണം. കാരണമെന്തായാലും, ഇന്റർനെറ്റ് ലോകത്തിന് ചിരിക്കാനുള്ള നല്ലൊരു വിരുന്നായി മാറിയിരിക്കുകയാണ് ഈ വീഡിയോ.
