യൂട്യൂബ് ലോകത്തെ വമ്പൻ താരമായ മിസ്റ്റർ ബീസ്റ്റിന്റെ ആവേശകരമായ ഡ്രൈവിംഗ് ചലഞ്ചിനിടെ ഇന്ത്യയിൽ അപ്രതീക്ഷിത അപകടം. മത്സരത്തിൽ ഉൾപ്പെട്ട ലംബോർഗിനി കാറുകളിലൊന്നിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറിയതോടെയാണ് സംഭവം വിവാദമായത്. കോടികൾ വിലമതിക്കുന്ന കാറിനുണ്ടായ കേടുപാടുകൾ കണ്ട് മത്സരാർത്ഥി നിരാശനാകുന്ന ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മിസ്റ്റർ ബീസ്റ്റിന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയായ ‘Drive Around Earth In Lamborghini, Keep It!’ എന്ന ചലഞ്ചിനിടെയാണ് സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെ അപകടത്തിന്റെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.
രണ്ട് മത്സരാർഥികൾ ലംബോർഗിനി കാറുകളുമായി ലോകം ചുറ്റി യാത്ര ചെയ്യുന്നതാണ് ചലഞ്ച്. യാത്ര വിജയകരമായി പൂർത്തിയാക്കുന്നയാൾക്ക് ആ ആഡംബര കാർ സ്വന്തമാക്കാം എന്നതാണ് മത്സരത്തിലെ പ്രധാന ആകർഷണം.
ചലഞ്ചിന്റെ ഇന്ത്യയിലെ യാത്രയ്ക്കിടെയാണ് ഓറഞ്ച് നിറത്തിലുള്ള ലംബോർഗിനി ഓടിച്ചിരുന്ന മത്സരാർഥിക്ക് അപകടം സംഭവിച്ചത്. ഇന്ത്യൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു ഇരുചക്രവാഹനം കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ കാറിനുണ്ടായ കേടുപാടുകൾ പരിശോധിക്കുന്ന മത്സരാർഥി കടുത്ത നിരാശയിലാകുന്നതും ദൃശ്യങ്ങളിൽ കാണാം. തലയിൽ കൈവെച്ച് മുടി പിടിച്ചുവലിച്ച് വിഷമം പ്രകടിപ്പിക്കുന്ന താരത്തിന്റെ പ്രതികരണവും ശ്രദ്ധേയമായി.
വീഡിയോ വൈറലായതോടെ അപകടത്തിന് കാരണം മത്സരാർഥിയുടെ ഡ്രൈവിംഗ് രീതിയാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. ലംബോർഗിനി ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
