ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച ട്രെയിൻ കോച്ചിന് നേരെ യാത്രക്കാരുടെ അതിക്രമമെന്ന് ആരോപണം. കോച്ചിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരു സംഘം ആളുകൾ വാതിലിൽ കല്ലെറിഞ്ഞ് ചില്ല് തകർത്തതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹരിയാനയിലെ പാനിപ്പത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കോച്ചിന് മുന്നിൽ ഒരു സംഘം ആളുകൾ തടിച്ചുകൂടി വാതിലിൽ ശക്തിയായി ഇടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കല്ലെടുത്ത് കോച്ചിന്റെ വാതിലിലേക്ക് എറിയുകയും ചില്ല് തകരുകയും ചെയ്യുന്നു.
ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച കോച്ചിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ഇവരെ തടഞ്ഞതോടെയാണ് അക്രമം ഉണ്ടായതെന്നാണ് ആരോപണം. വാൻഷ് അറോറ എന്ന ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്.
വീഡിയോ പുറത്തുവന്നതോടെ സംഭവത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാൻ അനുവദിച്ചിട്ടുള്ള പ്രത്യേക കോച്ചുകളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആളുകളുടെ പ്രതികരണം.
പൊതുമുതൽ നശിപ്പിക്കുന്നതും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നതും എത്രത്തോളം ഗൗരവമുള്ള വിഷയമാണെന്ന ചർച്ചയ്ക്കും സംഭവം വഴിവച്ചിരിക്കുകയാണ്.
