കുണ്ടറ: സിപിഎം -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടി. കല്ലേറില്‍ പോലീസുകാര്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കുണ്ടറയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. നെടുമ്പന, തൃക്കോവില്‍വട്ടം പഞ്ചായത്തുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുണ്ടറ കൊച്ചാലുംമൂട് കേന്ദ്രീകരിച്ച് കുറെ നാളുകളായി സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നടന്നുവരികയാണ്. ഇരുവിഭാഗങ്ങളുടെയും കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുന്നതായി ഇരുവിഭാഗങ്ങളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ആര്‍എസ്എസുകാരുടെ വീടുകള്‍ക്കുനേരെയും ആക്രമണം നടത്തുന്നതായി അവര്‍ ആരോപിച്ചിരുന്നു.ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
തങ്ങളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ സിപിഎം പ്രവര്‍ത്തകരും രാത്രിയില്‍ പ്രകടനം നടത്തി. പ്രകടനത്തിനിടയിലാണ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ്കുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസിനുനേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ പരിക്കേറ്റ കൊട്ടാരക്കര എസിപി അശോകന്, എസ്ഐ ശിവപ്രകാശ് എന്നിവരെ കൂടാതെ എട്ടുപോലീസുകാര്ക്കും സംഭവമറിഞ്ഞെത്തിയ സ്പെഷല്‍ബ്രാഞ്ച് എസ്ഐ രാജേന്ദ്രനും പരിക്കേറ്റു. അദ്ദേഹത്തിന് ബൈക്കിനും കേടുപാടുവരുത്തി. സംഭവമറിഞ്ഞാണ് പോലീസെത്തിയത്.
ഇരുകൂട്ടരെയും കൊട്ടാരക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പിരിച്ചുവിടുന്നതിനിടയിലാണ് പോലീസിനുനേരെ കല്ലേറുണ്ടായത്. പ്രവര്‍ത്തകര്‍ ഓടിക്കയറിയ വീടുകള്‍ക്കുനേരെയും ആക്രമണം ഉണ്ടായി. കൊച്ചാലുംമൂട്ടില്‍ ഉഷാകുമാരി, മരുന്നൂര്വീട്ടില് മാധവന്‍പിള്ള, രതീഷ് ഭവനില്‍ രത്നമ്മ അമ്മ, ബേബി, അബ്ദുല്‍ അസീസ് എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഉഷാകുമാരിയുടെ വീട്ടിലെ കാറും അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇരുവിഭാഗങ്ങളിലും പെട്ട നിരവധിപേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. കൂടുതല്‍ പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തുവരികയാണ്. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തി.