ന്യൂഡൽഹി: പ്രതിദിന പണമിടപാടിനു രണ്ടുലക്ഷം രൂപ പരിധി വച്ചിട്ടുള്ളത് ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിന്ന് പണം പിൻവലിക്കുന്നതിനു ബാധകമല്ല. പ്രത്യക്ഷനികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിസിടി) ഇതു സംബന്ധിച്ചു വിശദീകരണം പുറത്തിറക്കി.ആദായനികുതി നിയമത്തിൽ 269 എസ്ടി എന്നൊരു വകുപ്പ് കൂട്ടിച്ചേർത്താണ് പണമിടപാടിനു പരിധി വച്ചത്. ഒരു ദിവസം ഒരു കാര്യത്തിനായി രണ്ടുലക്ഷത്തിൽ കൂടുതൽ രൂപ കൈമാറിയാൽ തത്തുല്യ തുക പിഴയായി ഈടാക്കും.
ബാങ്കുകളിലും സഹകരണ ബാങ്കുകളിലും പോസ്റ്റ്ഓഫീസ് സേവിംഗ്സ് ബാങ്കിലും നിന്നു പണം പിൻവലിക്കുന്നതിനു പരിധി ബാധകമല്ലെന്നു വിശദമാക്കി വിജ്ഞാപനം ഉടനേ പുറപ്പെടുവിക്കും. ഈ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനു പരിധി വച്ചിട്ടില്ല. ഗവൺമെന്റിൽ പണമടയ്ക്കുന്നതിനും പരിധി ബാധകമല്ല.
കന്പനികളും മറ്റും മൂലധന (കാപ്പിറ്റൽ) ഇനത്തിൽ വരുന്ന പതിനായിരം രൂപയിൽ കൂടുതലുള്ള ചെലവ് കറൻസിയായി കൈകാര്യം ചെയ്താൽ അതിനു തേയ്മാന കിഴിവോ നിക്ഷേപസംബന്ധിയായ സബ്സിഡിയോ ലഭിക്കുന്നതല്ല. റവന്യൂ ചെലവുകളും പണമായി പതിനായിരം രൂപവരെയേ ആകാവൂ എന്നാണ് പുതിയ ധനകാര്യ നിയമത്തിൽ പറയുന്നത്. ഡിജിറ്റൽ ഇടപാടുകൾക്ക് ആൾക്കാരെ പ്രേരിപ്പിക്കുകയാണു ലക്ഷ്യം.
ധർമസ്ഥാപനങ്ങൾക്കു കറൻസിയായി നൽകുന്ന സംഭാവനയ്ക്ക് 2,000 രൂപയാണ് പരിധി വച്ചിരിക്കുന്നത്. അതിൽ കൂടിയ തുക കറൻസിയായി വാങ്ങിയാൽ ആദായനികുതി നിയമപ്രകാരമുള്ള കിഴിവ് അനുവദിക്കില്ല. കൂടുതൽ തുക നല്കണമെന്നു ണ്ടെങ്കിൽ ചെക്കോ ഡിഡിയോ ഉപയോഗിക്കാം.

