കോട്ടയം: അക്ഷരനഗരിയില്‍ എത്തുന്ന ചലച്ചിത്ര ആസ്വാദകര്‍ക്ക് ദൃശ്യമികവിന്റെ നവ്യാനുഭവം സമ്മാനിച്ചു കേരളത്തിലെ രണ്ടാമത്തെ ഫോര്‍ കെ സംവിധാനമുള്ള തീയേറ്റര്‍ കോട്ടയത്തൊരുങ്ങുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ അഭിലാഷ് തിയറ്ററിലാണ് ഫോര്‍ കെ സംവിധാനത്തിലുള്ള പ്രൊജക്ടര്‍ സ്ഥാപിക്കുന്നത്. 45 ലക്ഷം രൂപ മുടക്കി ബെല്‍ജിയത്തില്‍നിന്നുമാണു പ്രൊജക്ടര്‍ ഇറക്കുമതി ചെയ്തത്.
നാളെ മുംബൈയില്‍നിന്നും എത്തുന്ന സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പുതിയ പ്രൊജക്ടര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിക്കും. 26നു റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സമീര്‍ താഹിര്‍ ചിത്രം കലി ഫോര്‍കെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നു തിയറ്റര്‍ ഉടമ ജി. ജോര്‍ജ് ദീപികയോടു പറഞ്ഞു. നിലവില്‍ 47 അടി വീതിയും 21 അടി ഉയരവുമുള്ള സ്ക്രീനാണു തിയറ്ററിലുള്ളത്. സ്ക്രീനിന്റെ വീതിയിലും ഉയരത്തിലും മാറ്റമൊന്നും ഉണ്ടാകില്ല. തിയറ്റര്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്.
ടുകെ പ്രൊജക്ടറിനേക്കാളും ദൃശ്യമികവും ശബ്ദ സംവിധാനവുമാണ് ഫോര്‍കെ പ്രൊജക്ടറിനുള്ളത്. സിനിമയുടെ മിക്‌സിംഗ് സമയത്തു ലഭിക്കുന്ന ദൃശ്യമികവും ശബ്ദവും പ്രേക്ഷകര്‍ക്ക് അതേ കൃത്യതയോടെ കാണാന്‍ കഴിയുമെന്നാണ് ഫോര്‍കെയുടെ ഏറ്റവും വലിയ പ്രത്യേകത.
ചങ്ങനാശേരി അഭിനയ തിയറ്റര്‍ ടുകെ പ്രൊജക്ഷന്‍ സംവിധാനത്തില്‍ ഉയര്‍ത്താനുള്ള പണികള്‍ പുരോഗമിക്കുകയാണ്. ത്രീഡി സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം നിലവില്‍ അഭിനയ തിയറ്ററിലില്ല. ടു കെ പ്രൊജക്ടര്‍ സ്ഥാപിക്കുന്നതോടെ ത്രീഡി സിനിമകള്‍ ആധുനിക ദൃശ്യമികവോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. അതിനായി ബെല്‍ജിയത്തില്‍നിന്നും 40 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഇറക്കുമതി ചെയ്ത ടുകെ പ്രൊജക്ടര്‍ സ്ഥാപിക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. 26നു റീലിസ് ചെയ്യുന്ന കലി തന്നെയാണു അഭിനയയിലെ ടുകെയിലും പ്രദര്‍ശിപ്പിക്കുന്നത്.