തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം.
കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും സംഭവത്തിനു പിന്നിൽ ദുരൂഹത സംശയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്.
പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിനു ശിപാർശ ചെയ്യുന്ന ആദ്യ കേസാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിബിഐക്കു നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശിപാർശ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നു.
2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു മരണം.
