യുവാക്കളെയും സ്ത്രീകളേയും ലക്ഷ്യമാക്കി പ്രചാരണം നടത്താന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം

BJPറെനീഷ് മാത്യു

കണ്ണൂര്‍: കേരളത്തില്‍ യുവാക്കളെയും സ്ത്രീകളേയും ലക്ഷ്യമാക്കി തെരഞ്ഞെടുപ്പ്പ്രചാരണം നടത്താന്‍ കേരളഘടകത്തോട് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമാക്കിയായിരിക്കണം മുഖ്യപ്രചാരണം. കേരളത്തില്‍ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷയില്ലെന്നും കോണ്‍ഗ്രസും സിപിഎമ്മും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കുന്നില്ലെന്നും ബിജെപിയാണ് സ്ത്രീകളെ മുഖ്യധാര രാഷ്ട്രീയധാരയിലെത്തിക്കുന്നുവെന്ന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കണം. കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ചൂണ്ടികാട്ടിയും പ്രചാരണം നടത്തണം.

രാഷ്ട്രീയ ആക്രമണത്തില്‍ മക്കളെ നഷ്ടപ്പെട്ട അമ്മമാരെയും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യമാരെയും പ്രചാരണത്തില്‍ എത്തിക്കണം. ഇവരുടെ ഡയലോഗുകള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ പ്രചാരണ പരിപാടികളില്‍ പ്രദര്‍ശിപ്പിക്കണം. കിസ് ഓഫ് ലൗ അടക്കമുള്ള സമരമുറകള്‍ യുവത്വത്തെ മാംസകച്ചവട സംസ്കാരത്തിലേക്ക് നയിക്കുമെന്നും പ്രചാരണത്തില്‍ പറയണമെന്നുമാണ് സംസ്ഥാന സമിതിക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അച്ചടി-ദൃശ്യ പരസ്യങ്ങള്‍ അണിയറയില്‍ സജീവമായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മേല്‍നോട്ടത്തിലാണ് പരസ്യങ്ങള്‍ ക്രമീകരിക്കുന്നത്.

Related posts