വിപണി വിശേഷം / കെ.ബി. ഉദയഭാനു
വിദേശ കൊപ്രസംഭരണം – ലാഭക്കച്ചവടം ലക്ഷ്യമിട്ട് വ്യവസായികൾ ഇന്തോനേഷ്യ, ഫിലിപ്പീൻസ് വിപണികളിലേക്ക് ശ്രദ്ധതിരിച്ചു. യെന്നിന്റെ വിനിമയനിരക്ക് തളരുന്നത് ഏഷ്യൻ വിപണികളിൽ റബറിലെ നിക്ഷേപ താത്പര്യം ഉയർത്തും. കുരുമുളക് വിറ്റഴിക്കാൻ കർണാടകയിലെ തോട്ടങ്ങൾ മത്സരിച്ചതുകണ്ട് ഇറക്കുമതിലോബി രംഗം വിട്ടു. സ്വർണവില വീണ്ടും കയറിയിറങ്ങി.
നാളികേരം
വൻകിട കൊപ്രയാട്ട് വ്യവസായികൾ ഇന്തോനേഷ്യൻ കൊപ്ര ഇറക്കുമതി ചെയ്തു. കയറ്റുമതിക്ക് അനുസൃതമായി അഡ്വാൻസ് ജനറൽ ലൈസൻസിലാണ് വ്യവസായികൾ വിദേശകൊപ്ര ഇറക്കുമതി ചെയ്തത്.
ഇന്ത്യൻ വിലയെ അപേക്ഷിച്ച് വരെ താഴ്ന്ന നിരക്കിൽ ഇന്തോനേഷ്യയും ഫിലിപ്പീൻസും കൊപ്രവില്പന നടത്തുന്നുണ്ട്. പിന്നിട്ട രണ്ടാഴ്ചയ്ക്കിടെ കൊച്ചിയിൽ വെളിച്ചെണ്ണവില 1,700 രൂപ ഇടിഞ്ഞ് വാരാവസാനം 17,100 രൂപയിലാണ്. 1200 രൂപയുടെ ഇടിവ് സംഭവിച്ച കൊപ്ര 11,475 രൂപയിലും.
നാളികേര വിളവെടുപ്പ് നടക്കുന്നതിനാൽ മുഖ്യവിപണികളിൽ ഉയർന്ന അളവിൽ പച്ചത്തേങ്ങ വില്പനയ്ക്കിറങ്ങി. മാസമധ്യം പിന്നിടുന്നതോടെ വരവ് ഉയരുമെന്ന സൂചനയാണ് ഉത്പാദക മേഖലകളിൽനിന്ന് ലഭിക്കുന്നത്. അതായത് വരുംമാസങ്ങളിൽ നാളികേരോത്പന്നങ്ങളുടെ നിരക്ക് വീണ്ടും ഇടിയാം. ഇറക്കുമതിയുടെ മാധുര്യം വ്യവസായികൾ അറിഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ പച്ചത്തേങ്ങ കിലോ 30 രൂപയിലേക്ക് നീങ്ങാം. കൊപ്ര 10,000ലേക്കും വെളിച്ചെണ്ണ 15,000ലേക്കും ഇടിയുന്ന ദിനങ്ങൾ വിദൂരമല്ല.
റബർ
വിനിമയവിപണിയിൽ ഡോളറിന്റെ മികവിനുമുന്നിൽ യെന്നിനു തളർച്ച നേരിടുന്നു. കറൻസി മാർക്കറ്റിലെ ചലനങ്ങൾ മുന്നിൽക്കണ്ട് ഫണ്ടുകൾ റബറിൽ നിക്ഷേപത്തിനു താത്പര്യം കാണിച്ചാൽ കിലോഗ്രാമിന് 200 യെന്നിലെ പ്രതിരോധം മറികടക്കാൻ വിപണിക്കാവും. രാജ്യാന്തര റബർ മാർക്കറ്റ് പിന്നിട്ടവാരത്തിലും തളർച്ചയിലായിരുന്നു. മുഖ്യ ഉത്പാദകരാജ്യങ്ങൾ കയറ്റുമതി നിയന്ത്രിച്ചിട്ടും വ്യവസായികൾ വില ഉയർത്തിയില്ല.
ഇന്ത്യൻ ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിൽ നിലയുറപ്പിച്ചിരുന്നെങ്കിലും നിരക്ക് ഉയർത്താതെ അവരും ഷീറ്റും ലാറ്റക്സും കൈക്കലാക്കി. ആർഎസ്എസ് നാലാം ഗ്രേഡ് 12,500 രൂപയിലും അഞ്ചാം ഗ്രേഡ് 12,300 രൂപയിലും ലാറ്റക്സ് 8,600 രൂപയിലും വ്യാപാരം നടന്നു.
കുരുമുളക്
പുതിയ കുരുമുളക് വില്പനയ്ക്കിറക്കാൻ കർണാടകത്തിലെ വൻകിട തോട്ടങ്ങൾ മത്സരിച്ചു. ഉത്തരേന്ത്യയിൽനിന്നും കയറ്റുമതി മേഖലയിൽനിന്നും മുളകിന് ഡിമാൻഡ് മങ്ങിയതിനാൽ വില ഇടിവിനെ പിടിച്ചുനിർത്താനായില്ല. ഇതിനിടെ വ്യവസായികൾ വിദേശകുരുമുളകു വില്പനയിൽനിന്ന് പിന്തിരിഞ്ഞത് വിപണിക്ക് ആശ്വാസമായി. കർണാടകത്തിലെ വൻകിടക്കാർ കിലോ 350 രൂപയ്ക്കു ചരക്ക് വാഗ്ദാനം ചെയ്തു. അവരുമായി മത്സരിക്കാൻ നിൽക്കാതെ വ്യവസായികൾ താത്കാലികമായി രംഗത്തുനിന്ന് അകന്നു. ഹൈറേഞ്ച് മുളക് കിലോ 380 രൂപയിലും വയനാടൻ ചരക്ക് 375 രൂപയിലുമാണ്.
വേനൽമഴയ്ക്കായി ഏപ്രിൽ അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്ന സൂചനകൾ കുരുമുളകുകൊടികളുടെ നിലനിൽപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. വരൾച്ച രൂക്ഷമായാൽ അടുത്ത സീസണിലെ ഉത്പാദനത്തെ അത് ബാധിക്കും. ഇത് മുന്നിൽക്കണ്ട് ഉത്പാദകർ കരുതൽ ശേഖരത്തിലേക്ക് മുളകു നീക്കാൻ ഉത്സാഹിച്ചു. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 37,400 രൂപയിൽനിന്ന് 36,700 രൂപയായി. ഗാർബിൾഡ് മുളക് വില 700 രൂപ കുറഞ്ഞ് 38,700 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6,100-6,450 ഡോളറാണ്.
ചുക്ക്
പുതിയ ചുക്കിന്റെ വരവുയർന്നു. ഗ്രാമീണ മേഖലളിൽനിന്ന് കൂടുതൽ ചരക്ക് വില്പനയ്ക്കിറങ്ങി. ഉത്തരേന്ത്യക്കാർക്കൊപ്പം കയറ്റുമതിക്കാരും ചുക്ക് സംഭരിച്ചെങ്കിലും അവർ വില ഉയർത്തിയില്ല. കൊച്ചിയിൽ വിവിധയിനം ചുക്ക് 12,500-13,500 രൂപ.
ഏലം
വരൾച്ച രൂക്ഷമായതോടെ ഏലക്ക വിളവെടുപ്പ് അവസാന റൗണ്ടിലാണ്. ആഭ്യന്തര വിദേശ വാങ്ങലുകാർ ലേലകേന്ദ്രങ്ങളിൽനിന്ന് ചരക്ക് സംഭരിക്കാൻ പോയവാരം ഉത്സാഹിച്ചു. താപനില വർധിച്ചതോടെ പല ഏലത്തോട്ടങ്ങളിൽനിന്നും ഉത്പാദകർ പിൻവലിഞ്ഞു.
വിളവ് ചുരുങ്ങിയതിനാൽ ലേലത്തിനുള്ള ചരക്കുവരവ് കുറഞ്ഞു. വാരാരംഭത്തിൽ കിലോ 1,177 രൂപയിൽ നീങ്ങിയ വലുപ്പംകൂടിയ ഏലക്ക ശനിയാഴ്ച വണ്ടന്മേട്ടിൽ നടന്ന ലേലത്തിൽ 1,297 രൂപയിലേക്കു കയറി. ഏലത്തിനുള്ള ഡിമാൻഡ് കണക്കിലെടുത്താൽ വരുംആഴ്ചകളിൽ ഉത്പന്നം കൂടുതൽ ശ്രദ്ധിക്കപ്പെടാം.
സ്വർണം
സ്വർണവില പല അവസരത്തിലും കയറിയിറങ്ങി. ആഭരണവിപണികളിൽ 22,600 രൂപയിൽ വിപണനം ആരംഭിച്ച പവൻ 22,720 വരെ കയറിയ ശേഷം 22,560ലേക്കു താഴ്ന്നു. ശനിയാഴ്ച പവൻ 22,640 രൂപയിലാണ് വ്യാപാരം നടന്നത്. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1323 ഡോളറിലാണ്.