വെളുക്കെ ചിരിച്ചും നുണ പറഞ്ഞും അവര്‍ നമുക്കിടയിലും കാണും അത്തരക്കാര്‍; അവരോട് അടുത്തിട പഴകുന്നവര്‍ക്കേ തനിനിറം മനസ്സിലാകൂ; സൈക്കോപ്പാത്തുകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

കൂടത്തായി കൊലപാതക പരമ്പര അക്ഷരാര്‍ഥത്തില്‍ രാജ്യത്തെത്തന്നെയാണ് ഞെട്ടിച്ചത്. ഓരോ ദിവസവും പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ആ ഞെട്ടലിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പ്രതി ജോളി സൈക്കോപ്പാത്ത് ആണെന്ന രീതിയിലുള്ള പ്രചരണമാണ് ആദ്യ നാളുകള്‍ മുതല്‍ നടക്കുന്നത്. കൊടുംക്രൂരതകള്‍ ഉള്ളിലൊളിപ്പിച്ച് ചിരിക്കുന്ന പൊയ്മുഖവുമായി സൈക്കോപ്പാത്തുകള്‍ നമുക്കിടയിലും ഉണ്ടാവാം. അത്തരക്കാരെക്കുറിച്ചുള്ള ഡോ. സി ജെ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ സൈക്കോപ്പതിയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല. പുറമെയുള്ള ആകര്‍ഷണ വ്യക്തിത്വത്തിനുള്ളില്‍ ഈ സ്വഭാവങ്ങള്‍ ഒളിപ്പിച്ചു വച്ച് അവരില്‍ ചിലര്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയില്‍ പോലും തിളങ്ങി നില്‍ക്കാറുണ്ട്.

മറ്റുള്ളവരോട് അനുതാപമില്ലാതെ, സ്വന്തം ഉയര്‍ച്ചക്കായി സമര്‍ത്ഥമായി തരികിട നടത്തിയും, ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും, നുണപറഞ്ഞു വീഴ്ചകളെ മറച്ചു വച്ചും, കുറ്റബോധം ഇല്ലാതെയും അവര്‍ തല ഉയര്‍ത്തി നടക്കും. അവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമേ തനി നിറം മനസ്സിലാകൂ. ഇമ്മാതിരി സൈക്കോപ്പതിക് വ്യക്തിത്വങ്ങള്‍ ഉത്തരവാദിത്തപ്പെട്ട പല മേഖലകളിമുണ്ട്. അവരെയാണ് പേടിക്കേണ്ടത്.

Related posts