ഏഴു മണിക്കൂറില്‍ താഴെ സമയത്തില്‍ ആംബുലന്‍സ് താണ്ടിയത് 514 കിലോമീറ്റര്‍; കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലീസും നാട്ടുകാരും വഴിയൊരുക്കി; യഥാര്‍ഥ ജീവിതത്തില്‍ തമിം ശ്രീനിവാസനായത് ഇങ്ങനെ…

 

തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരുന്നു ട്രാഫിക്. എറണാകുളം ലേക്‌ഷോര്‍ ഹോസ്പ്പിറ്റലില്‍ നിന്നും പാലക്കാട് അഹല്യ ഹോസ്പിറ്റലിലേക്ക് തിരക്കേറിയ നാഷണല്‍ ഹൈവേ വഴി 12 മണിക്കൂര്‍ കൊണ്ട് ഹൃദയം എത്തിക്കുക എന്ന മിഷനായിരുന്നു ചിത്രത്തിന്റെ കഥ. ഈ സിനിമയെ വെല്ലുന്ന സംഭവമാണ് ഇന്നലെ രാത്രി 8.30 മുതല്‍ അരങ്ങേറിയത്.

ഹൃദയ സംബന്ധമായ രോഗം ബാധിച്ച 57 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പിറ്റലിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിക്കാന്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഒന്നിച്ചപ്പോള്‍ ഒരു ജീവന്‍ രക്ഷപ്പെട്ടു. 14 മണിക്കൂര്‍ കൊണ്ട് എത്തേണ്ട ദൂരം 6 മണിക്കൂറും 50 മിനിട്ടും കൊണ്ട് എത്തിയപ്പോള്‍ പ്രാര്‍ത്ഥനയും കൈയടിയുമായി അഭിനന്ദന പ്രവാഹമായിരുന്നു.

കാസര്‍ഗോഡ് ബദിയടുക്ക സ്വദേശികളായ സിറാജ്-ആയിഷ ദമ്പതികളുടെ 57 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്താല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ കുഞ്ഞിന് ശ്വസിക്കാനാവുമായിരുന്നില്ല. ഓരോ ദിവസം കഴിയുംതോറും നില വഷളായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ രണ്ടറ്റത്തു കിടക്കുന്ന സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമായിരുന്നു. ഒരു മിനുട്ടില്‍ തുടര്‍ച്ചയായി നാലു ലിറ്റര്‍ ഓക്‌സിജന്‍ അവശ്യമായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ 108 ആംബുലന്‍സ് അധികൃതരുമായി ബന്ധപ്പെടുകയും മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി പൊലീസ് അധികാരികളുമായും കേരളത്തിലെ മുഴുവന്‍ ആംബുലന്‍സ് െ്രെഡവര്‍മാരുമായും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി സംസാരിച്ച് കണ്ണൂര്‍ ടു എസ്.സി.റ്റി എന്ന മിഷന്‍ രൂപീകരിക്കുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശി തമീം കുഞ്ഞിനെ കൊണ്ടു പോകാനായുള്ള ആംബുലന്‍സിന്റെ അമരക്കാരനായി.

ഐ.സി.യു. ആംബുലന്‍സായ സി.എം.സി.സി ആംബുലന്‍സ് മിഷനായി തയ്യാറായി. ആംബുലന്‍സ് കെയര്‍ നല്‍കാനായി കാസര്‍ഗോഡ് ഷിഫാ സാദി ഹോസ്പിറ്റലിലെ ഐ.സി.യു. നേഴ്‌സ് റ്റിന്റോയെ പ്രത്യേകം വിളിച്ചു വരുത്തി. രാവിലെ മുതല്‍ തയ്യാറായി വന്ന മിഷന്റെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി ആംബുലന്‍സ് കടന്നു വരുന്ന വിവരം ഏവരെയും അറിയിച്ചു. 8.30 ന് പരിയാരത്ത് നിന്നും ആംബുലന്‍സ് യാത്ര തിരിച്ചു. എസ്‌കോര്‍ട്ടായി പൊലീസും. സോഷ്യല്‍ മീഡിയ വാഹനം പുറപ്പെട്ടതോടെ സജീവമായി.

ഓരോ സ്ഥലം കഴിയുമ്പോഴും നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പാസ് ചെയ്തു. പൊലീസും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും റോഡിലെ ഗതാഗതം നിയന്ത്രിച്ച് ആംബുലന്‍സ് കടത്തിവിട്ടു. ആലപ്പുഴ വഴി തിരുവനന്തപുരം വരെ ഒരു തടസ്സവുമില്ലാതെ 6 മണിക്കൂര്‍ 50 മിനിറ്റു കൊണ്ട് ആംബുലന്‍സ് എത്തി . പുലര്‍ച്ചെ 3.20 ന് എസ്.സി.ടി ഹോസ്പ്പിറ്റലില്‍ എത്തിച്ചു. കുഞ്ഞിനെ ഉടന്‍ എന്‍.ഐ.സി.യുവിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് ഏവര്‍ക്കും ശ്വാസം നേരെ വീണത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം പിന്നിടാന്‍ സാധാരണ 14 മണിക്കൂര്‍ സമയം എടുക്കും. എന്നാല്‍ തമിമിന്റെ ഡ്രൈവിംഗ് വൈദഗ്ധ്യം ഏഴു മണിക്കൂറുകൊണ്ട് അത് സാധ്യമാക്കി. വണ്ടി ഒരിടത്തും നൂറ് കിലോമീറ്റര്‍ സ്പീഡില്‍ താഴെപ്പോയില്ല. ഇടയ്ക്ക് കുഞ്ഞിന് പാല്‍ കൊടുക്കാന്‍ മാത്രം പത്ത് മിനിട്ട് നിര്‍ത്തിയതല്ലാതെ മറ്റെങ്ങും നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായില്ല. പൊലീസും നാട്ടുകാരും ആംബുലന്‍സ് െ്രെഡവേഴ്‌സ് സംഘടനയായ കെഎഡിടിഎ പ്രവര്‍ത്തകര്‍ ആംബുലന്‍സിനു വഴിയൊരുക്കാന്‍ ടൗണുകളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മറ്റു ആംബുലന്‍സ് ജീവനക്കാരും പൊലീസും തിരക്ക് പരിഹരിച്ചു കൊടുക്കുകയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘം മറ്റു സഹായങ്ങള്‍ ലഭ്യമാക്കിയും ഓരോ ജില്ലയിലും നിലയുറപ്പിച്ചിരുന്നു എന്നും തമീം പറഞ്ഞു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് ഒരുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്.

 

Related posts