212 ദിവസത്തെ കടലിലെ ഏകാന്ത വാസം: അഭിലാഷ് ടോമിയുള്‍പ്പടെയുള്ളവര്‍ പിന്മാറിയ ഗോള്‍ഡന്‍ ഗ്ലോബ് കടല്‍ ദൗത്യത്തില്‍ വിജയം കണ്ട് 73കാരന്‍ ജോന്‍ ലൂക്! പ്രായത്തെ തോല്‍പ്പിച്ച സാഹസികതയ്ക്ക് ബിഗ് സല്യൂട്ട്!

212 ദിവസത്തെ കടല്‍ത്തിരമാലകളോടുള്ള സല്ലാപങ്ങള്‍ക്കും പോരാട്ടത്തിനും ശേഷം ജോന്‍ ലൂക് വാന്‍ ദെന്‍ ഹീദ് മടങ്ങിയെത്തുമ്പോള്‍ തോറ്റത് പ്രായം കൂടിയായിരുന്നു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോണില്‍ കരയില്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് വീര പുരുഷനായാണ് മാസങ്ങളോളം നീണ്ട കടല്‍യാത്ര അവസാനിപ്പിച്ച് 73 വയസ്സുകാരനായ അദ്ദേഹം നടന്നെത്തിയത്. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ ഒന്നാമതെത്തിയ വ്യക്തിയാണ് ജോന്‍ ലൂക്.

35 അടി നീളമുള്ള പായ്വഞ്ചിയില്‍ 212 ദിവസം കടലില്‍ ഒറ്റയ്ക്കു സഞ്ചരിച്ചു ജോന്‍ ലൂക് ലക്ഷ്യസ്ഥാനത്തെത്തിയത് ചൊവ്വാഴ്ചയായിരുന്നു. കടലില്‍ പലവിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ജോന്‍ ലൂക് വിജയം വരിച്ചത്.  ഒരിക്കല്‍ കൊടുങ്കാറ്റില്‍ പായ്മരത്തിനു കേടുപറ്റി.

നന്നാക്കാന്‍ കരയിലെ സഹായം തേടിയാല്‍ അയോഗ്യനാകുമെന്നതിനാല്‍, സ്വയം നന്നാക്കി മുന്നോട്ടു പോകാനായിരുന്നു തീരുമാനം. പക്ഷേ, 6 മീറ്റര്‍ ഉയരത്തിലുള്ള പായ്മരത്തില്‍ അള്ളിപ്പിടിച്ചു കയറാന്‍ നടത്തിയ ശ്രമം സാഹസികതയായിരുന്നെന്നു ലൂക് തന്നെ മത്സരശേഷം പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മലയാളിയായ അഭിലാഷ് ടോമി ഉള്‍പ്പെടെ 19 നാവികര്‍ പങ്കെടുത്തു തുടങ്ങിയ സാഹസിക കടല്‍ യാത്ര മത്സരം അവസാനഘട്ടമായപ്പോള്‍ അവശേഷിച്ചത് ഫ്രഞ്ചുകാരന്‍ ജോന്‍ ലൂക് ഉള്‍പ്പെടെ 5 പേര്‍ മാത്രമായിരുന്നു. കടല്‍ക്ഷോഭത്തില്‍ വഞ്ചി തകര്‍ന്നു പരുക്കേറ്റ അഭിലാഷ് സെപ്റ്റംബറിലാണു മത്സരത്തില്‍ നിന്നു പിന്മാറിയത്.

Related posts