മമ്മൂട്ടിയുടെ മുഖത്ത് തൊടുമ്പോള്‍ തന്നെ റോസാപ്പൂ നിറമായി മാറും! അദ്ദേഹത്തിന്റെ സൗന്ദര്യം എങ്ങനെ കുറയ്ക്കും എന്നതായിരുന്നു ചിന്ത; പേരന്‍പ് ഷൂട്ടിനിടെയുണ്ടായ വലിയ വെല്ലുവിളിയെക്കുറിച്ച് സംവിധായകന്‍ റാം പറയുന്നതിങ്ങനെ

ചിത്രീകരണത്തിനിടെ നടന്ന രസകരമായ പല സംഭവങ്ങളും അനുഭവങ്ങളും നടന്മാരും സംവിധായകരും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ പേരന്‍പ് എന്ന ചിത്രത്തില്‍ അഭിനയിക്കവെ ഉണ്ടായ ഒരു വെല്ലുവിളിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ റാം.

ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം രസകരമായ ഒരു വെല്ലിവിളിയെക്കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുടെ ഹാന്‍ഡ്സം ലുക്ക് എങ്ങിനെ കുറയ്ക്കണമെന്ന് അറിയില്ലായിരുന്നു എന്നതായിരുന്നത്രേ, ചിത്രത്തെ സംബന്ധിച്ച് താന്‍ നേരിട്ട പ്രധാന വെല്ലുവിളി.

ആ പ്രശ്നം പരിഹരിക്കാനാണ് മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രത്തിന് താടി നല്‍കിയതെന്നും റാം പറയുന്നു. ‘ഈ സിനിമയിലാണെങ്കില്‍ മമ്മൂക്ക ഒരു ടാക്‌സി ഡ്രൈവര്‍ ആണ്. ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകളിലൂടെ കടന്ന് പോകുന്ന ആളാണ്. അതൊന്നും അദ്ദേഹത്തിന് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാര്യങ്ങളാണ്.

മമ്മൂക്കയുടെ നിറത്തിലോ ഹൈറ്റിലോ രൂപത്തിലോ ഒന്നും അങ്ങനെയുള്ള ഒരു ലക്ഷണങ്ങളും ഇല്ല. മമ്മൂട്ടിയുടെ മുഖത്ത് തൊടുമ്പോള്‍ തന്നെ റോസാപ്പൂ നിറമായി മാറും. അപ്പോള്‍ എന്റെ മുന്നില്‍ ആകെ ഉണ്ടായിരുന്ന ഒരു മാര്‍ഗം താടി വളര്‍ത്തിക്കുക എന്നതായിരുന്നു. എന്റെ എല്ലാ പടത്തിലെയും നായകന്മാരോട് താടി വളര്‍ത്താന്‍ പറയുന്നത് അത് അവരുടെ അഭിനയത്തെ സഹായിക്കാനാണ്, എന്നാല്‍ ഈ സിനിമയില്‍ ഞാന്‍ മമ്മൂക്കയോട് താടി വളര്‍ത്താന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സൗന്ദര്യം കുറയ്ക്കാന്‍ വേണ്ടിയാണ്’. റാം പറഞ്ഞു.

Related posts