രതി നിര്‍വേദത്തിനു ശേഷം ഹരിപോത്തനുമായി അകന്ന ജയഭാരതിയ്ക്ക് ജീവിതം കൊടുത്ത വില്ലന്‍ ! പല മേഖലകളില്‍ കൈവെച്ചെങ്കിലും പലതിലും പുലിവാലുപിടിച്ചു;അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ സത്താര്‍ വിടവാങ്ങുമ്പോള്‍

പ്രതിഭയുണ്ടായിട്ടും ഒന്നുമാകാതെ പോയവരില്‍ ഒന്നാമനാകും സത്താര്‍. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തുമായെത്തിയ സത്താര്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയെങ്കിലും പ്രതിഭയ്ക്ക് അനുസരിച്ചുള്ള വേഷങ്ങള്‍ അദ്ദേഹത്തിന് കിട്ടിയില്ല. സിനിമയിലും ജീവിതത്തിലും വില്ലന്‍ പരിവേഷമാണ് സത്താറിന് മലയാളി നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ജീവിതത്തിലെ താളമില്ലായ്മയാണ് സത്താറിനെ അകാലത്തില്‍ മരണമെടുക്കാനുള്ള കാരണമായി സിനിമാ പ്രവര്‍ത്തകരും കാണുന്നത്.

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാല്‍ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്.

ആകാര വടിവും വശ്യതയും കൊണ്ട് എഴുപതുകളിലെ യുവതയെ കീഴടക്കിയ ലക്ഷ്മി ഭാരതി എന്ന ജയഭാരതി തമിഴ്നാട്ടിലെ ഈറോഡിലാണു ജനിച്ചത്. ശശികുമാറിന്റെ പെണ്‍മക്കളിലൂടെ 1967ല്‍ അഭിനയം തുടങ്ങിയ ജയഭാരതിയുടെ ചിത്രം മാറ്റിയെഴുതിയത് ഒറ്റ സിനിമയാണ്. പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ രതിനിര്‍വേദമെന്ന സൂപ്പര്‍ ഹിറ്റ് സിനിമ. സിനിമയോളം ചര്‍ച്ചയായതാണ് ജയഭാരതിയുടെ ആദ്യ വിവാഹവും. രതി നിര്‍വേദത്തിന്റെ നിര്‍മ്മാതാവായിരുന്നു ആദ്യ ഭര്‍ത്താവായ ഹരി പോത്തന്‍. 1971ല്‍ ഹരിപോത്തന്‍ നിര്‍മ്മിച്ച് സേതുമാധവന്‍ സംവിധാനം ചെയ്ത കരകാണാക്കടലില്‍ ജയഭാരതി നായികയായി. ചിത്രത്തില്‍ സത്യന്റെ മകളുടെ വേഷമായിരുന്നു ജയഭാരതിക്ക് ചിത്രത്തിലെ നായികാവേഷം. നായകന്മാരായി മധുവും വിന്‍സന്റുമെത്തി.

തന്നെ ഇഷ്ടമാണെന്ന് പറയുന്ന ആരോടും പ്രണയം കാട്ടുന്ന ‘ലോലിത’ കഥാപാത്രം ജയഭാരതി മികച്ചതാക്കി. ഒടുവില്‍ സ്വന്തം സ്വഭാവത്തിന്റെ വൈചിത്ര്യം ഒരുക്കുന്ന ചതിക്കുഴിയില്‍ ആ പെണ്‍കുട്ടി വീഴുകയും ചെയ്യുന്നു. അല്‍പം സെക്‌സ് ജയഭാരതി കാട്ടിത്തുടങ്ങിയ ചിത്രമെന്ന് വേണമെങ്കിലും കരകാണാക്കടലിനെ വിശേഷിപ്പിക്കാം. ഇവിടെയാണ് ഹരിപോത്തനുമായുള്ള ജയഭാരതിയുടെ സൗഹൃദം തുടങ്ങുന്നത്. ആ ബന്ധം വിവാഹത്തിലെത്തി. രണ്ടു മക്കളുള്ള ഹരി പോത്തനുമായുള്ള ജയഭാരതിയുടെ വിവാഹവും ചര്‍ച്ചയായി.

പിന്നീടും വെള്ളിത്തിരയില്‍ സജീവമായിരുന്നു ജയഭാരതി. ഹരിപോത്തന്റെ സിനിമയിലുള്‍പ്പെടെ നിര്‍ണ്ണായക വേഷങ്ങളുമായി താരറാണി പദവിയിലുമെത്തി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ഇതിനിടെയാണ് രതിനിര്‍വേദം എത്തുന്നത്. ഹരി പോത്തനുമായുള്ള ജയഭാരതിയുടെ ആറു കൊല്ലത്തെ ദാമ്പത്യത്തിന് തിരിശ്ചീല വീഴുന്നതിന്റെ തുടക്കം ഈ സിനിമയാണെന്നാണ് കരുതുന്നത്. ഭരതനും പത്മരാജനും ഒരുക്കിയ വിസ്മയ ചിത്രം സൂപ്പര്‍ ഹിറ്റായി. നിര്‍മ്മാതാവിന്റെ റോളിലെത്തിയ ഹരിപോത്തന്‍ ലക്ഷങ്ങള്‍ വാരിയെടുത്തു.

മലയാളി യുവത്വം രതിച്ചേച്ചിയുടെ പിറകെയായി. ഇതിനൊപ്പം ഹരി പോത്തനും ജയഭാരതിയും വേര്‍പിരിയുകായിരുന്നു. കാരണം ആരും വ്യക്തമായി പുറത്തു പറഞ്ഞില്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവര്‍ക്കിടയില്‍ വില്ലനായതെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ ബന്ധം തകരുന്നിടത്ത് സത്താറെന്ന നടന്‍ കടന്നുവന്നു. ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്തു. താരറാണി പദവിയില്‍ ജയഭാരതി മിന്നിതിളങ്ങുമ്പോഴായിരുന്നു. നടനെന്നതില്‍ ഉപരി സത്താറിന് യാതൊരു ഗ്ലാമറും ഇല്ലാതിരുന്ന കാലം. ഹരി പോത്തനുമായുള്ള ബന്ധം വേര്‍പെടുത്തിയായിരുന്നു ജയഭാരതിയുടെ രണ്ടാം വിവാഹം. അതിലൊരു മകനുമുണ്ടായി.

ഇതോടെ അഭിനയരംഗത്ത് നിന്ന് വിട്ട് ജയഭാരതി കുടുംബിനിയായി. മകനെ നോക്കി വളര്‍ത്തി. എന്നാല്‍ സത്താറുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മലയാളിയെ ത്രസിപ്പിച്ച നടിയുടെ രണ്ടാം വിവാഹവും പരാജയമായി. പിന്നീട് മകന് വേണ്ടി മാത്രമായി ഈ നടിയുടെ ജീവിതം. മകന്റെ പഠനവും മറ്റും പൂര്‍ത്തിയായ ശേഷം ജയഭാരതി വീണ്ടും മടങ്ങിയെത്തി. സിനിമ നടിയെന്നതിലുപരി തന്റെ ആദ്യ പ്രണയമായിരുന്ന നൃത്തവുമായാണ് സജീവമായത്. വീണ്ടും ധാരാളം വേദികള്‍. ഇതിനിടെയില്‍ മകന്‍ ക്രിഷ് സിനിമയിലും അഭിനയിച്ചു. ജയഭാരതിയുമായി ബന്ധം വേര്‍പ്പെടുത്തിയ നടന്‍ സത്താര്‍ സീരിയല്‍ നടിയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധം തകര്‍ന്ന സാഹചര്യത്തില്‍ സത്താര്‍ വീണ്ടും ജയഭാരതിയുമായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നതായും വാര്‍ത്തകളെത്തി. ഇതിനിടെയാണ് സത്താറിന്റെ മരണം എത്തുന്നത്.

രതീഷിനും മമ്മൂട്ടിയ്ക്കും ഒപ്പം സിനിമയിലെത്തിയ സത്താര്‍ തുടക്കത്തില്‍ ഒന്നു രണ്ടു ചിത്രങ്ങളില്‍ നായകനായെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളില്‍ തളയ്ക്കപ്പെടുകയായിരുന്നു. മമ്മൂട്ടി സൂപ്പര്‍താരമായി കുതിച്ചുയര്‍ന്നപ്പോള്‍ ചുരുക്കം ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലന്മാരില്‍ ഒരാളായി രതീഷ് വളര്‍ന്നു. മലയാള സിനിമയില്‍ സത്താറിന്റെ ഏറ്റവും വലിയ സുഹൃത്തും രതീഷായിരുന്നു.

1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ഖാദര്‍ പിള്ളൈ – ഫാത്തിമ ദമ്പതികളുടെ പത്ത് മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്‍ മെന്റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സത്താര്‍ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം.

1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ‘അനാവരണം’ എന്ന സിനിമയില്‍ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. തുടര്‍ന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ സത്താര്‍ അഭിനയിച്ചിട്ടുണ്ട്. അനാവരണം, ശരപഞ്ചരം, ലാവ എന്നിവയിലൊക്കെ സത്താര്‍ അവതരിപ്പച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടിയവയാണ്.

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങി നിന്ന സത്താര്‍ 2000 ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതെയായി. സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സീരിയിലുകളില്‍ മുഖം കാട്ടി. 2008 ല്‍ ആണ് വര്‍ക്കല പൊലീസ് സത്താറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുന്നത്. 2007 ല്‍ ആണ് സത്താര്‍ ചെയര്‍മാന്‍ ആയി ഇന്‍ഫോവിഷന്‍ എന്ന പേരില്‍ ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും ഡയറക്ട് മാര്‍ക്കറ്റിങ് വഴി വില്‍ക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതിന്റെ പേരില്‍ ആളുകളില്‍ നിന്ന് പിരിച്ചെടുത്ത പണം തിരിച്ച് കിട്ടിയില്ലെന്നായിരുന്നു പരാതി. സത്താര്‍ ആയിരുന്നു സ്ഥാപനത്തിന്റെ ചെയര്‍മാന്‍. കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരത്തെ വീട്ടില്‍ വച്ചാണ് 2015ല്‍ സത്താറിനെ അറസ്റ്റ് ചെയ്തത്. 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവച്ചതാണ് സത്താറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Related posts