സമൻസാണ് ഹാജരായേക്കണം..! കിട്ടിയവർ ആദ്യമൊന്ന് ഞെട്ടി, ഈശ്വരാ മനസറിയാതെ കേസിൽപെട്ടോ‍? വൈറലായി കോട്ടയത്തെ യുവ അഭിഭാഷകന്‍റെ വിവാഹ ക്ഷണക്കത്ത്

കിട്ടിയവർ ആദ്യമൊന്ന് ഞെട്ടി, ഈശ്വരാ മനസറിയാതെ കേസിൽപെട്ടോ‍? പിന്നെ ആശങ്കയോടെ കൈയിൽ കിട്ടിയ കോടതി സമൻസ് വായിക്കാൻ തുടങ്ങി. പക്ഷേ, വായിച്ചു തുടങ്ങിയപ്പോൾ ഞെട്ടലല്ല, പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. കൈയിൽ കിട്ടിയത് കോടതി സമൻസ് അല്ല. കോട്ടിട്ട ഒരു വക്കീലിന്‍റെ കല്യാണക്കുറിയാണ്! കോട്ടയത്തെ യുവ അഭിഭാഷകൻ അഡ്വ. വിഷ്ണു മണിയാണ് വ്യത്യസ്തമായ കല്യാണക്കുറി ഒരുക്കി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കോടതിയിൽനിന്ന് അയയ്ക്കുന്ന സമൻസിന്‍റെ അതേ രൂപത്തിലാണ് വക്കീലിന്‍റെ വിവാഹക്ഷണക്കത്ത്. ഒറ്റ നോട്ടത്തിൽ കോടതി സമൻസ് തന്നെ. പേരും കുറിപ്പും സീലുമെല്ലാം അതേപോലെ..

വിവാഹങ്ങളിലും വിവാഹക്ഷണക്കത്തുകളിലും പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കപ്പെടുന്ന ഈ കാലത്ത് സ്വന്തം തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി വിഷ്ണു തയാറാക്കിയ ഈ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിലും ജാമ്യം കിട്ടാതെ പറക്കുകയാണ്.

ജനുവരി 13നാണ് വിഷ്ണുവും ചിങ്ങവനം സ്വദേശിയായ അഡ്വ. അരുന്ധതി ദിലീപും തമ്മിലുള്ള വിവാഹം. എറണാകുളം ലോ കോളജ് മുതലുള്ള സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നില്ക്കുന്നത്.

സാധാരണരീതിയിൽ കാണുന്ന സമൻ‌സ് പോലെ തന്നെയാണ് ക്ഷണക്കത്തും തയാറാക്കിയിരിക്കുന്നത്. ക്രൈം നമ്പറിന്‍റെ സ്ഥാനത്ത് ഇരുവരും പ്രണയത്തിലായ ദിവസവും സ്ഥലമായ ലോ കോളജുമാണ് ചേർത്തിരിക്കുന്നത്. ക്ഷണിക്കപ്പെട്ട കക്ഷികൾ എല്ലാവരും വീഴ്ചവരുത്താതെ അന്നേദിവസം 11നും 11.45നുമിടയിൽ കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണെന്നും സമൻസിൽ പറയുന്നു. താഴെ ചേർത്തിരിക്കുന്ന സീലിൽ കുമരകം കോട്ടയം ക്ലബിൽ നടക്കുന്ന റിസപ്ഷന്‍റെ കാര്യവും ചേർത്തിരിക്കുന്നു.

തങ്ങൾ രണ്ടുപേരുടെയും ആശയമാണ് വ്യത്യസ്തമായ ഈ ക്ഷണക്കത്തെന്ന് അഡ്വ. വിഷ്ണു ദീപിക ഡോട്ട്കോമിനോടു പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ഇരുവരും കോട്ടയത്തെ ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. കഴിച്ച ശേഷം ബിൽ അടയ്ക്കാൻ പണത്തിനായി പോക്കറ്റിൽ കൈയിട്ടപ്പോൾ ആദ്യം കിട്ടിയത് ഒരു സമൻസാണ്.

അപ്പോഴാണ്, ക്ഷണക്കത്ത് സമൻസാക്കിയാലോ എന്ന ആശയം ഇരുവരുടെയും മനസിൽ ഉദിച്ചത്. അപ്പോൾതന്നെ ഒരു ടിഷ്യു കടലാസിൽ ക്ഷണക്കത്തിനായുള്ള വാചകങ്ങൾ കുറിച്ചു. തുടർന്നാണ് അത് ഡിസൈൻ ചെയ്യുന്നതിനായി നല്കിയതെന്നും വിഷ്ണു പറഞ്ഞു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് കാർഡും ഇത്തരത്തിൽ കോടതിയുമായി ബന്ധപ്പെടുത്തി തയാറാക്കാനാണ് ഇവരുടെ പദ്ധതി.

കുമരകം സ്വദേശിയായ വിഷ്ണു കോട്ടയത്ത് പ്രാക്ടീസ് ചെയ്യുകയാണ് ഇപ്പോൾ. കുമരകം പഞ്ചായത്ത് അംഗം കൂടിയാണ്. വധു അരുന്ധതി ചിങ്ങവനം നെല്ലിക്കൽ സ്വദേശിനിയാണ്. ചങ്ങനാശേരി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു.

Related posts