ഇന്ത്യ എനിക്ക് അമ്മയെപോലെ, പാര്‍ലമെന്റ് ആക്രമിച്ചത് തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് അഫ്‌സലിന് സ്വന്തം രാജ്യത്തെപ്പറ്റി തികഞ്ഞ അഭിമാനം, ആധാര്‍ കിട്ടിയ എന്റെ അടുത്തലക്ഷ്യം പാസ്‌പോര്‍ട്ട്, പതിനെട്ടുകാരന്‍ രാജ്യത്തിന് പ്രചോദനമാകുന്നതിങ്ങനെ

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ പലവട്ടം വാര്‍ത്തകളില്‍ വന്നുപോയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയം നേടിയ അവസരമായിരുന്നു അവസാനം. ഇപ്പോള്‍ വീണ്ടും ഗാലിബ് ഗുരു വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഈ രാജ്യത്തിനായി എന്തെങ്കിലുമൊക്കെ നല്ലകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അദേഹം ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കാഷ്മീരിലെ ഗുല്‍ഷനാബാദ് താഴ്വരയിലെ വീട്ടില്‍ മുത്തച്ഛന്‍ ഗുലാം മുഹമ്മദിന്റെയും അമ്മ തബസുമിന്റെയും ഒപ്പമാണ് ഈ പതിനെട്ടുകാരന്‍ താമസിക്കുന്നത്. അടുത്തിടെയാണ് ആധാര്‍ കാര്‍ഡ് കിട്ടിയത്. മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ ആധാര്‍കാര്‍ഡ് എടുത്തുകാട്ടി തികഞ്ഞ ഇന്ത്യക്കാരനാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഗാലിബ് പറയുന്നു. ഒരിക്കലും പിതാവ് നടന്നുതീര്‍ത്ത തീവ്രവാദത്തിന്റെ വഴിയേ പോകില്ലെന്നും അമ്മയുടെ ഉപദേശം തന്റെ ജീവിതത്തിന് കരുത്തായെന്നും പതിനെട്ടുകാരനായ ഗാലിബ് പറയുന്നു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും വിദേശത്തുപോയി ഉന്നത വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്ന ഈ കൗമാരക്കാരന്‍ പറയുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗാലിബ് ഇപ്പോള്‍. മേയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷയില്‍ വിജയിച്ച് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ ്പ്രവേശനം നേടണമെന്നാണ് ആഗ്രഹം.

നാട്ടിലെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍നിന്നും ഭീകരരുടെ കണ്ണില്‍നിന്നും തന്നെ മാറ്റിനിര്‍ത്തി വളര്‍ത്തിയതിന് പിന്നില്‍ അമ്മ തബസുമിന്റെ ജാഗ്രതയാണെന്നും ഗാലിബ് വ്യക്തമാക്കി. തുര്‍ക്കിയിലെ ഒരു കോളജില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചേക്കുമെന്നും അങ്ങനെ വന്നാല്‍ അവിടെ പോയി പഠിച്ച് തിരിച്ചെത്തുമെന്നും ഗാലിബ് പറയുന്നു.

ഗാലിബിന്റെ വീടിന് സമീപത്താണ് സൈന്യത്തിന്റെ ഒരു കേന്ദ്രമുള്ളത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയശേഷം തനിക്ക് ഒരുതരത്തിലുള്ള ആക്ഷേപങ്ങളും സൈനികരില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടില്ലെന്ന് ഗാലിബ് പറയുന്നു. അവര്‍ എന്നോട് സ്‌നേഹത്തോടെ പെരുമാറുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മെഡിസിന്‍ പഠിച്ച് വലിയനിലയില്‍ എത്തണമെന്ന് പലപ്പോഴും ഉപദേശിക്കാറുണ്ടെന്നും സൈന്യത്തിലെ പലരുമായും തനിക്ക് നല്ല സൗഹൃദമാണെന്നും അദേഹം പറയുന്നു.

Related posts