തൊടുപുഴ: കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി വളം വിലയില്‍ വന്‍ വര്‍ധന. ഫാക്ടംഫോസിന് 50 കിലോ പായ്ക്കറ്റിന് 1,525 രൂപയില്‍നിന്നു 225 രൂപ വര്‍ധിച്ച് 1,750 രൂപയായി. പൊട്ടാഷിന് 1,850ല്‍നിന്നു 1,975 രൂപയായും ഉയര്‍ന്നു.16-16-16 ഇനംവളത്തിന് 1675 രൂപയായിരുന്നു നിലവിലെ വില. ഇത് 2,000 രൂപയ്ക്കുമുകളിലേക്കുയര്ന്നു. ഇതോടൊപ്പം മറ്റു കൂട്ടുവളങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്.
വേനല്‍മഴ ലഭിച്ചതോടെ റബര്‍, തെങ്ങ്, പൈനാപ്പിള്‍, വാഴ, കൊക്കോ, ജാതി, റംബുട്ടാന്, ഏലം തുടങ്ങിയ കൃഷികള്‍ക്കെല്ലാം വളം നല്കുന്ന സമയമാണിത്. അതിനാല്‍ വളത്തിന് ആവശ്യക്കാര്‍ കൂടുതലാണ്. തൊഴിലാളിക്ഷാമം, കൂലിയിലെ വര്‍ധന, കൃഷിനാശം, കീടബാധ, കൃഷിയിടത്തിലെ വന്യമൃഗശല്യം എന്നിവ മൂലം കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇരുട്ടടിയായി വളത്തിനും വില ഉയര്‍ന്നിരിക്കുന്നത്.
ഇറാന്-അമേരിക്ക യുദ്ധത്തെത്തുടര്‍ന്ന് ഇറക്കുമതിയിലുണ്ടായ കുറവാണ് വില ഉയരാന്‍ കാരണം. യൂറിയ, പൊട്ടാഷ് ഉള്‍പ്പെടെയുള്ള ചില വളങ്ങള്‍ക്ക് കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ വളം ഇറക്കുമതി വെല്ലുവിളിയായി മാറും.
രൂപയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്തുന്നതിനായി ഇന്ധനച്ചെലവ് കുറയ്ക്കാനും സ്വര്‍ണം വാങ്ങുന്നത് ഒരുവര്‍ഷത്തേക്ക് കുറയ്ക്കാനും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതോടൊപ്പം വളത്തിന്റെ ഇറക്കുമതിയും കുറച്ചാല്‍ കാര്‍ഷികമേഖല വലിയ പ്രതിസന്ധിയിലാകും.
പൊട്ടാഷ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വളമാണ്.റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇവയുടെ ഇറക്കുമതി കൂടുതലായും നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വളം ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ സംസ്ഥാനത്ത് ഇവയുടെ ക്ഷാമത്തിനു കാരണമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
