പരവൂർ: രാജ്യത്തെ ദീർഘദൂര രാത്രികാല റെയിൽ യാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഉത്പാദനം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി 24 കോച്ചുകളുള്ള 50 റാക്കുകളാണ് ഐസിഎഫ് നിർമക്കുന്നത്.
പുതിയ ട്രെയിൻസെറ്റിന്റെ കോച്ച് ഘടന, അണ്ടർഫ്രെയിം ഉപകരണങ്ങൾ, മറ്റ് സാങ്കേതിക വിന്യാസങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രൊഡക്ഷൻ ഡ്രോയിംഗുകൾ പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം ജനുവരിയിൽ ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിൽ 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ സർവീസ് വിജയകരമായി ആരംഭിച്ചതിന് പിന്നാലെയാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള 24 കോച്ച് ട്രെയിനുകളുടെ നിർമാണത്തിലേക്ക് റെയിൽവേ കടക്കുന്നത്.
കൂടുതൽ ബെർത്തുകളും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഈ പുതിയ ട്രെയിനുകളിൽ 1,224 ബെർത്തുകൾ ഉണ്ടായിരിക്കും. നിലവിലുള്ള സ്ലീപ്പർ ട്രെയിനുകളെ അപേക്ഷിച്ച് 401 ബെർത്തുകൾ അധികമായി ഇതിൽ ലഭ്യമാകും. 17 എസി 3-ടയർ കോച്ചുകൾ, അഞ്ച് എസി 2-ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയ്ക്കൊപ്പം ദീർഘദൂര യാത്രക്കാരുടെ ഭക്ഷണ ആവശ്യങ്ങൾക്കായി ഒരു പ്രത്യേക ഫുൾ എസി പാൻട്രി കാറും ഇതിൽ സജ്ജീകരിക്കും.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.റീഡിംഗ് ലൈറ്റുകൾ, മൊബൈൽ-ലാപ്ടോപ്പ് ചാർജിംഗ് പോയിന്റുകൾ, വൈഫൈ അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വാക്വം ടോയ്ലറ്റുകൾ എന്നിവ ഓൺബോർഡ് സൗകര്യങ്ങളിൽ ഉൾപ്പെടും. സുരക്ഷയുടെ ഭാഗമായി കവച്ച് ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം, സിസിടിവി നിരീക്ഷണം, നൂതന ബ്രേക്കിംഗ് സംവിധാനം, അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്.
