ദിലീപ് ക്രൂരനായ തമാശക്കാരന്‍! ദിലീപിന്റെ ക്രൂരതയെക്കുറിച്ച് ആലപ്പി അഷ്‌റഫ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു; നിര്‍മാതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്ന് പത്രത്തില്‍ വന്ന വാര്‍ത്തയിങ്ങനെ

juuit15 വര്‍ഷങ്ങള്‍ക്കു മുമ്പ് ചെക്ക് കേസില്‍ നിര്‍മാതാവ് ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ ദിലീപിനെതിരേ നടത്തിയ പ്രതികരണം വീണ്ടും ഓര്‍മിപ്പിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്. ക്രൂരനായ തമാശക്കാരന്‍ എന്നായിരുന്നു അന്ന് ആലപ്പി അഷറഫ് ദിലീപിനെതിരേ പറഞ്ഞത്. ദിലീപിന്റെ പരാതിയില്‍ ആയിരുന്നു ദിനേശ് പണിക്കര്‍ക്കെതിരേ കേസ്. നിലവില്‍ ദിലീപിനെ ചുറ്റിനില്‍ക്കുന്ന വിവാദങ്ങള്‍ക്കിടയിലാണ് ആലപ്പി അഷറഫിന്റെ ഓര്‍മപ്പെടുത്തല്‍. അന്നത്തെ കേസിന്റ പശ്ചാത്തലത്തില്‍ ദിലീപിനെതിരേ താന്‍ നടത്തിയ പ്രതികരണത്തിന്റെ മാധ്യമ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തിരിക്കുകയാണ് ആലപ്പി അഷറഫ്. ചെക്ക് കേസില്‍ ചലച്ചിത്ര നിര്‍മാതാവ് ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ ചലച്ചിത്രതാരം ദിലീപ് ക്രൂരനായ തമാശക്കാരനായി മാറിയെന്നാണ് അഷറഫ് പറഞ്ഞത്. മലയാള ചലച്ചിത്ര നിര്‍മാതാക്കളില്‍ പലരും സാമ്പത്തികമായി ഏറെ ബാധ്യതയുള്ളവരാണ്.

അതില്‍ മുന്നിലാണ് ദിനേശ് പണിക്കര്‍. ചലച്ചിത്ര നിര്‍മാണത്തിലൂടെ സാമ്പത്തികമായി തകര്‍ന്ന് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ടയാളാണ് ദിനേശ് പണിക്കര്‍. ഇയാളെ കരകയറ്റാനായി പ്രമുഖതാരങ്ങള്‍ പ്രതിഫലം പറ്റാതെ അഭിനയിച്ച ചിത്രമാണ് തില്ലാന തില്ലാന. ഈ ചിത്രം റിലീസ് ചെയ്യാന്‍ പോലും ദിനേശ് പണിക്കര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ദിലീപ് ചെയ്തതുപോലെ മോഹന്‍ലാലും മമ്മൂട്ടിയും മുകേഷുമെല്ലാം ചെയ്താല്‍ മലയാള ചലച്ചിത്ര നിര്‍മാതാക്കള്‍ പലരും ഇന്ന് ജയിലില്‍ കിടക്കും. എന്നാല്‍, നിര്‍മാതാക്കളുടെ അവസ്ഥ മനസിലാക്കി മനുഷ്യത്വപരമായി പെരുമാറാന്‍ അവര്‍ തയ്യാറായി. ആ മനുഷ്യത്വം ദിലീപിന് ഇല്ലാതെപോയി.

ദിലീപിനെ വെള്ളിത്തിരയില്‍ കൊണ്ടുവന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തിയ നിര്‍മാതാക്കളോടും സംവിധായകരോടും നീതിക്ക് നിരക്കാത്ത നിലപാടാണ് ദിലീപ് പലപ്പോഴും സ്വീകരിച്ചത്. ഇത്തരം ക്രൂരതമാശകള്‍ ദിലീപ് ആവര്‍ത്തിക്കില്ലെന്നു പ്രത്യാശിക്കുന്നു. ഇതായിരുന്നു അഷറിഫിന്റെ പ്രതികരണമായി അന്ന് വാര്‍ത്തയില്‍ വന്നത്. ഈ വാര്‍ത്തയാണ് ആലപ്പി അഷറഫ് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞതെന്ന വാചകത്തോടെ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നെ ഒതുക്കാന്‍ ദിലീപ് ചെയ്തത് അതി ക്രൂരമായ കാര്യങ്ങളാണെന്ന് രാജസേനന്‍ പറഞ്ഞു. സിനിമാ സംവിധായകന്‍ തുളസീദാസും ദിലീപിന്റെ ക്രൂര പ്രവൃത്തികളെക്കുറിച്ച് തുറന്നുപറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ദിലീപ് മലയാള സിനിമയെ ദ്രോഹിക്കുകയായിരുന്നെന്ന പൊതുവികാരമാണ് ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് പുറത്തുവരുന്നത്.
അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ദിലീപിനെ ഇന്നലെ ആലുവ സബ് ജയിലിലേക്ക് കൊണ്ടു പോകുന്ന കാഴ്ച കണ്ടപ്പോള്‍ 15 വര്‍ഷം മുന്‍പ്, വിതരണക്കാരന്‍ കൂടിയായ നിര്‍മാതാവിനെ ഇതേ സബ് ജയിലിലേക്കു കൊണ്ടു പോകാന്‍ ദിലീപ് വഴിയൊരുക്കിയ കഥയാണ് ഓര്‍മവന്നത്. ദിലീപ് നായകനായ ‘ഉദയപുരം സുല്‍ത്താന്‍’ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്ന ദിനേശ് പണിക്കരാണ് അന്ന് ചെക്ക് കേസില്‍ പെട്ട് ജയിലിലായത്. ഉദയപുരം സുല്‍ത്താന്‍ പൂര്‍ത്തിയായപ്പോള്‍ നിര്‍മാതാക്കള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ദിലീപിന് പ്രതിഫലം ഇനത്തില്‍ ഒന്നര ലക്ഷം രൂപ കൂടി അവര്‍ നല്‍കാനുണ്ടായിരുന്നു. അതു നല്‍കാതെ ചിത്രം ഡബ്ബ് ചെയ്യില്ലെന്നു ദിലീപ് അറിയിച്ചു.

വിതരണക്കാരന്‍ എന്ന നിലയില്‍ ഈ പണം താന്‍ നല്‍കേണ്ട കാര്യമില്ലെന്നും പക്ഷേ ഉറപ്പെന്ന നിലയില്‍ ഒന്നര ലക്ഷത്തിന്റെ ചെക്ക് തരാമെന്നും ദിനേശ് പണിക്കര്‍ അറിയിച്ചു. ഇതനുസരിച്ച് ചെക്ക് നല്‍കി പടം ഇറക്കിയെങ്കിലും പൊളിഞ്ഞു. ഇതിനിടെ താന്‍ ചെക്ക് മാറിയെടുക്കാന്‍ പോവുകയാണെന്നു ദിനേശ് പണിക്കരെ വിളിച്ച് ദിലീപ് അറിയിച്ചു. തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും മനഃസാക്ഷിയുണ്ടെങ്കില്‍ ചെക്ക് കൊടുക്കരുതെന്നുമായി പണിക്കര്‍. പക്ഷേ ദിലീപ് വഴങ്ങിയില്ല. ചെക്ക് പണമില്ലാതെ മടങ്ങി.

ഒന്നരവര്‍ഷം കഴിഞ്ഞ് ഒരുദിവസം ആലുവയില്‍നിന്നു മൂന്ന് അഭിഭാഷകരും പൊലീസും ദിനേശ് പണിക്കരുടെ തിരുവനന്തപുരത്തെ വസതിയിലെത്തി. പിറ്റേന്ന് രണ്ടാം ശനിയാഴ്ചയായതിനാല്‍ വെള്ളിയാഴ്ചത്തെ വരവിന്റെ ഉദ്ദേശ്യം പണിക്കര്‍ക്ക് അപ്പോഴാണ് മനസ്സിലായത്. ദിലീപ് പറഞ്ഞാല്‍ വിടാമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് മറ്റു നിര്‍മാതാക്കള്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. അഭിഭാഷകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ മറുപടി. അന്ന് മലയാള സിനിമാലോകം കാലു പിടിച്ച് അപേക്ഷിച്ചിട്ടും ദിലീപ് വഴങ്ങിയില്ല.

തുടര്‍ന്ന് രാത്രി ഒരു മണിയോടെ ദിനേശ് പണിക്കരെ പറവൂരില്‍ മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കി. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം തളര്‍ന്നു വീണിരുന്നു. മജിസ്‌ട്രേട്ട് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. നിര്‍മാതാവിനെ ജയിലിലാക്കിയ ദിലീപിനെ നിര്‍മാതാക്കളുടെ സംഘടന രണ്ടു വര്‍ഷത്തേക്കു വിലക്കി. ‘അമ്മ’യ്ക്കു വേണ്ടി അനുരഞ്ജന നീക്കവുമായി ഇന്നസന്റ് രംഗത്തിറങ്ങി. താനൊരു ഈശ്വര വിശ്വാസിയാണെന്നും ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്യിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള നിരപരാധിയുടെ റോളാണ് ചര്‍ച്ചയില്‍ ദിലീപ് സ്വീകരിച്ചതത്രേ. ഒടുവില്‍ പരാതി പിന്‍വലിക്കാന്‍ ദിലീപ് തീരുമാനിക്കുകയും വിലക്ക് പിന്‍വലിക്കാന്‍ അസോസിയേഷന്‍ തയാറാവുകയുമായിരുന്നു.

ദിലീപ് ക്രൂരനായ തമാശക്കാരനാണെന്നാണ് അന്ന് എനിക്കു തോന്നിയത്. പ്രേംനസീറിനെ നായകനാക്കി മൂന്നു ചിത്രങ്ങള്‍ ഞാന്‍ ചെയ്തു. ഏതെങ്കിലും സിനിമ നഷ്ടത്തിലായാല്‍ ആദ്യം വിളിക്കുന്നത് പ്രേംനസീര്‍ തന്നെയാണ്. വാക്കുകള്‍കൊണ്ടു വെറുതെ ആശ്വസിപ്പിക്കുകയല്ല. ആ നിര്‍മാതാവിനെയും സംവിധായകനെയും സഹായിക്കാന്‍ വീണ്ടും തന്റെ ഡേറ്റ് നല്‍കും. കടം വീട്ടാന്‍ തന്നാലാവുന്നതു ചെയ്യും. മലയാള സിനിമ എങ്ങനെ മാറി എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

Related posts