അയ്യപ്പന്മാര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി! യാതൊരു തടസുമില്ലാതെയാണ് ദര്‍ശനം നടത്തിയതെന്ന് ഭക്തര്‍; മറുപടി പറയാതെ പുഞ്ചിരിയോടെ നടന്നുനീങ്ങി അല്‍ഫോന്‍സ് കണ്ണന്താനം; വീഡിയോ വൈറല്‍

ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സര്‍ക്കാരിനെതിരെ എയ്തുവിട്ട ഒളിയമ്പുകള്‍ തനിക്ക് തന്നെ തിരിച്ചടിയായ ചില സംഭവങ്ങള്‍ക്ക് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ മലയാളികള്‍ സാക്ഷിയാവുകയുണ്ടായി.

ശബരിമലയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയ്ക്ക് സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പൊളിച്ചടുക്കിയതാവട്ടെ, അയ്യപ്പഭക്തരും. സംഭവമിങ്ങനെ…പമ്പയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം. പമ്പയില്‍ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമില്ലെന്നായിരുന്നു നേതാവിന്റെ വിമര്‍ശനം. എന്നാല്‍ കേട്ട് നിന്ന അയ്യപ്പ ഭക്തര്‍ തങ്ങള്‍ക്ക് യാതൊരു അസൗകര്യവുമില്ലെന്നും സുഗമമായി തന്നെ, തൊഴാന്‍ സാധിച്ചുവെന്നും പറഞ്ഞ് വാദങ്ങളെ എതിര്‍ക്കുകയായിരുന്നു.

അയ്യപ്പ ഭക്തരുടെ മറുപടി കേട്ടപാടെ യാതൊന്നും സംസാരിക്കാതെ, ചെറുപുഞ്ചിരിയോടെ നടന്നു നീങ്ങുകയായിരുന്നു, കേന്ദ്രന്ത്രി. ചില വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ‘ഇതൊക്കെ ആര് തീരുമാനമെടുക്കുന്നു, എങ്ങനെ തീരുമാനമെടുക്കുന്നു എന്നൊന്നും എനിക്കറിയില്ല. മനുഷ്യന് ദുരിതമുണ്ടാക്കുക എന്ന് മാത്രമാണ് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉദ്ദേശമെന്ന് എനിക്ക് തോന്നുന്നു. നിലയ്ക്കല്‍ കണ്ടു ഇവിടെ വന്നു. ഞാന്‍ അറിഞ്ഞടുത്തോളം ഇവിടെ ഒരു സൗകര്യവുമില്ല.’ കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, എല്ലാ ഭക്തന്മാരൂം ഒരു പ്രശ്‌നവും ഇല്ലാതെ അയ്യപ്പനെ ദര്‍ശിച്ചു പോകുന്നുണ്ട് എന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തന്‍ മന്ത്രിയോട് പറഞ്ഞു. ഇത് കേട്ടതും പതുക്കെ ഒന്നും അറിയാത്ത പോലെ കണ്ണന്താനം നടന്നുനീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മന്ത്രി ഇത് ശ്രദ്ധിക്കാതെ പോകുന്നതു കണ്ട കര്‍ണാടകയില്‍ നിന്നുള്ള ഭക്തന്‍ വിളിച്ചു പറയുന്നുമുണ്ട്, കുട്ടികളുമായി ഒരു അസൗകര്യവും പ്രശ്‌നവും ഇല്ലാതെ ഞങ്ങള്‍ ദര്‍ശനം നടത്തിയെന്ന്.

സന്നിധാനത്തെ പോലീസ് സേവനങ്ങള്‍ മികച്ചതാണെന്ന് അയ്യപ്പ ഭക്തന്മാര്‍ പറഞ്ഞു. ‘കേരള പോലീസ് മികച്ച രീതിയില്‍ ശബരിമലയെ നിയന്ത്രിക്കുന്നുണ്ട്. നല്ല സേവനമാണ് സന്നിധാനത്ത് പോലീസ് നല്‍കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പരിശോധനകള്‍ നടത്തുന്നതിലും മികച്ച സേവനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ളത്. ഞാന്‍ പേടിയോടെയാണ് ശബരിമലയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്’- ചെന്നൈയില്‍ നിന്നും വന്ന അയ്യപ്പ ഭക്തന്‍ പറഞ്ഞു.

Related posts