അമേരിക്കയെ കാത്തിരിക്കുന്ന മഹാദുരന്തം; 50 വർഷത്തിനകം 10 നഗരങ്ങൾ മരുഭൂമിയാകും! ഇന്ത്യക്കും മുന്നറിയിപ്പ്

ലോകത്തിന്‍റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി! സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്ന് ശാസ്ത്രലോകത്തിന്‍റെ പഠനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്‍റെ ഭീതിജനകമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്.

ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്‌ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന മഹാ‌ദുരന്തം പ്രവചിക്കുന്നത്.

നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. നിലവിലെ അവസ്ഥതുടർന്നാൽ; വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി ഉയരുകയും ഈ നഗരങ്ങളിലെ ജലസ്രോതസുകൾ പൂർണമായി വറ്റിവരളുകയും ചെയ്യും.

കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡ്, കാർഷിക മേഖലയ്ക്ക് പേരുകേട്ട പ്രദേശമാണ്. ഇവിടം കടുത്ത ജലക്ഷാമത്തിലേക്കും വന്ധ്യമായമണ്ണിലേക്കും നീങ്ങുകയാണ്. അന്പതു വർഷത്തിനകം ഇവിടുത്തെ കാലാവസ്ഥ പൂർണമായും സഹാറ മരുഭൂമിക്ക് സമാനമായ വരണ്ട അവസ്ഥയിലേക്ക് മാറിയേക്കാം. വിനോദസഞ്ചാരത്തിനും വ്യവസായങ്ങൾക്കും പേരുകേട്ട റെനോ നഗരവും അതിവേഗം വരൾച്ചയുടെ പിടിയിലാവുകയാണ്. ഭൂഗർഭ ജലത്തിന്‍റെ അളവ് താഴുന്നതും മഴയുടെ അഭാവവും നഗരത്തിന്‍റെ പച്ചപ്പ്‌ പൂർണമായി ഇല്ലാതാക്കും.

മൂന്ന് പ്രധാനകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഗവേഷകർ
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഈ നഗരങ്ങളെ മരുഭൂമിയാക്കാൻ പോകുന്നത്. വർധിച്ച ബാഷ്പീകരണം പ്രധാനമായും എടുത്തുകാണിക്കുന്നു. താപനില ഉയരുമ്പോൾ മണ്ണിലെയും ജലാശയങ്ങളിലെയും ഈർപ്പം അതിവേഗം വായുവിൽ ലയിക്കുന്നു. ഇത് മണ്ണ് വരണ്ടുണങ്ങാൻ കാരണമാകുന്നു. രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ആഗോളതാപനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണ്. ആഗോളതാപനം കാരണം പസഫിക് സമുദ്രത്തിൽ നിന്നെത്തുന്ന കാറ്റിന്‍റെ ഗതി മാറുകയും ഈ നഗരങ്ങളിൽ ലഭിക്കേണ്ട മഴ മറ്റ് പ്രദേശങ്ങളിലേക്കു മാറുകയും ചെയ്യുന്നു.
മൂന്നാമതായി ഗവേഷകർ പറയുന്നത്, കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് നിലനിർത്തുന്നത് നഗരങ്ങളിലെ താപനില ഗ്രാമീണ മേഖലകളേക്കാൾ വർധിപ്പിക്കാൻ ഇടവരുത്തുന്നു എന്നതാണ്.

ഇന്ത്യക്കും മുന്നറിയിപ്പ്
ഈ പഠനം അമേരിക്കയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും ഇതൊരു കനത്ത മുന്നറിയിപ്പാണ്. സമാനമായ രീതിയിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുകയും താപനില ഉയരുകയും ചെയ്താൽ ലോകമെമ്പാടുമുള്ള പല ജനവാസ മേഖലകളും വരും ദശകങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത വിധം മരുഭൂമികളായി മാറും.
ഇപ്പോഴെങ്കിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദപരമായ നഗരാസൂത്രണം നടപ്പിലാക്കാനും ലോകരാഷ്ട്രങ്ങൾ തയാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഭൂപടത്തിൽ പല നഗരങ്ങളും നഷ്ടപ്പെടുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

Related posts

Leave a Comment