അമ്മയെ കുറ്റപ്പെടുത്താന്‍ മത്സരിക്കുന്നവര്‍ അറിയാന്‍! കൊച്ചിന്‍ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളടക്കം, അമ്മ ചെയ്യുന്ന നന്മകളെക്കുറിച്ച് വിവരിച്ച്, ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ കത്ത്

ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അമ്മ സംഘടനയെ കുറ്റപ്പെടുത്താന്‍ മത്സരിക്കുന്നവര്‍ ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണമെന്നറിയിച്ച് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബിവുന്റെ കുറിപ്പ്. ഇതെല്ലാം ചെയ്തത് അമ്മയാണെന്നും അത് ഇനിയെങ്കിലും എല്ലാവരും അറിയണമെന്നും ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബു പറയുന്നു.

അമ്മ ചെയ്ത സേവനങ്ങള്‍ പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ ബാബു നമുക്ക് ഒരുമിച്ചു നീങ്ങാമെന്നും അമ്മയെ എതിര്‍ത്തവരോട് പറയുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയാണ് അമ്മയെ പലരും കുറ്റം പറയുന്നതെന്നും ബാബു പറഞ്ഞു. അമ്മ ചെയ്തുവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതുമാണ് ബാബുവിന്റെ കത്ത്.

ഇടവേള ബാബുവിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…

‘അമ്മയെ അറിയാന്‍’

‘അമ്മ’ യില്‍ 2018 ജൂലൈ 01 നു 484 അംഗങ്ങള്‍ ആണുള്ളത്. ഇതില്‍ 248 പുരുഷന്മാരും 236 സ്ത്രീകളും. 112 ഹോണററി അംഗങ്ങളും, 372 ലൈഫ് മെമ്പര്‍മാരും ( ആജീവനാന്ത അംഗങ്ങള്‍).

1995 മുതല്‍ 10 പേര്‍ക്ക് 1000 രൂപയില്‍ നിന്നും തുടങ്ങിയ കൈനീട്ടം പദ്ധതി ഈ ഓഗസ്റ്റ് 01 മുതല്‍ 143 പേര്‍ക്ക് മാസം തോറും 5000 രൂപ വീതം മരണം വരെ ‘കൈനീട്ടം’ നല്‍കുന്നതിലേക്കു എത്തി നില്‍ക്കുകയാണ്.

ഇന്ത്യയിലെ ഒരു ഭാഷയിലും ഇതര സംഘടനകള്‍ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല. സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സഹ പ്രവര്‍ത്തകര്‍ക്കും വളരെ മുതിര്‍ന്നവര്‍ക്കും പ്രവേശന ഫീസ് പൂര്‍ണമായും ഒഴിവാക്കി ‘അമ്മ’യില്‍ ഹോണററി അംഗത്വം നല്കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്തു വരുന്നു.

മൂന്നു ലക്ഷം – ഇന്‍ഷുറന്‍സ് കമ്പനിയും രണ്ടു ലക്ഷം അമ്മ നല്‍കുന്നതോടെ അഞ്ചു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി വര്‍ങ്ങളായി നടപ്പില്‍ നടത്തുന്നുണ്ട്. ഇതിനു പുറമെ, 10 ലക്ഷം രൂപയുടെ അപകട – മരണ ഇന്‍ഷുറന്‍സ് നല്‍കുന്നുമുണ്ട്.

കൂടാതെ, അപകടത്തില്‍പെട്ട് വിശ്രമകാലയളവില്‍ ആഴ്ച തോറും 1500 രൂപ വീതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂര്‍ണമായും ‘അമ്മ’ യാണ് അടക്കുന്നത്. സിനിമ മേഖലയിലെ പലര്‍ക്കും (മറ്റു അസോസിയേഷനില്‍ ഉള്ളവര്‍ക്ക്) സമയാ സമയങ്ങളില്‍ ചികില്‍സാ സഹായവും അമ്മ ചെയ്യുന്നു.

പ്രകൃതി ദുരന്ത സാഹചര്യങ്ങള്‍ വന്നപ്പോള്‍ എല്ലാം, സര്‍ക്കാറിനോടൊപ്പം കൈകോര്‍ത്തു ‘അമ്മ’ ഷോ നടത്തി സാമ്പത്തിക സമാഹരണം നടത്തിക്കൊടുക്കയും, ഒപ്പം ‘അമ്മ’യുടെ നീക്കിയിരിപ്പില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

കാല കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സര്‍ക്കാരുകളെ സഹായിക്കേണ്ട സന്നിഗ്ദ്ധ ഘട്ടങ്ങളിലെല്ലാം ‘അമ്മ’ എപ്പോഴും കൂടെ നിന്നിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം, ലാത്തൂരില്‍ ഭൂമികുലുക്കം – ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണ വേള എന്നിവയെല്ലാം ഇതില്‍ ചിലതു മാത്രം. സദുദ്ദേശപരമായതും സമൂഹത്തില്‍ ശ്രദ്ധിക്കേണ്ടതുമായ സര്‍ക്കാര്‍ പരസ്സ്യങ്ങളില്‍ ആവശ്യപ്പെടുന്ന ‘അമ്മ’ അംഗങ്ങളെല്ലാം വേതനം ഒന്നും തന്നെ വാങ്ങാതെ സഹകരിക്കുന്നുണ്ട് .

പരേതനായ ശ്രീ. കൊച്ചിന്‍ ഹനീഫയുടെ കുട്ടികളുടെ വിദ്യാഭാസ ചെലവ് വഹിക്കുന്നത് അമ്മയാണ്. ‘ അമ്മ വീട് ‘ – എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ തീര്‍ത്തും നിര്‍ധനരായവര്‍ക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച് കൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളില്‍ 6 ‘ അമ്മ വീടുകള്‍ ‘ പൂര്‍ത്തീകരിക്കുന്നു, ഒരെണ്ണത്തിന്റെ താക്കോല്‍ ദാനം കഴിഞ്ഞു. 6 എണ്ണം പണിപ്പുരയില്‍ ആണ്.

സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയുള്ള കാരുണ്യ പദ്ധതിയായ അക്ഷര വീടിലൂടെ 51 പേര്‍ക്ക് വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടും കേറി കിടക്കാന്‍ ഒരു കൂര പോലും ഇല്ലാത്തവരെ തിരഞ്ഞെടുത്തു വീട് നിര്‍മിച്ചു കൊടുക്കുന്നു.

ചിലര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തു ഭൂമി വിലക്ക് വാങ്ങി, വീടുവച്ചു കൊടുക്കുകയുണ്ടായി. മൂന്നെണ്ണം താക്കോല്‍ ദാനം കഴിഞ്ഞു, 13 എണ്ണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.. അടുത്ത 10 എണ്ണം പണി തുടങ്ങുവാന്‍ പോകുന്നു. ജി. ശങ്കറിന്റെ രൂപ കല്പനയില്‍ ആണ് സ്‌നേഹത്തിന്റെ 51 സൗധങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ പണിയുന്നത്.

തെരുവുകളില്‍ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളില്‍ എത്തിച്ചു ചികില്‍സ നല്‍കുന്ന തെരുവോരം മുരുകന് തന്റെ സല്‍ക്കര്‍മത്തിനു സഹായകമാകുന്ന രീതിയില്‍ ‘അമ്മ ‘ ശുചി മുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലന്‍സ് വാങ്ങി നല്‍കി. ഈയൊരു യാത്രയില്‍ നമുക്കൊന്നിക്കാം…. നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതി, ഞങ്ങള്‍ പ്രവര്‍ത്തിച്ചോളാം.

Related posts