പരവൂർ: കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളും പ്രതിവാര ട്രെയിനുകൾ.ഇവയുടെ സമയക്രമം റെയിൽവേ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് 23ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രേമോദി ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കും.താംബരം -തിരുവനന്തപുരം ട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 ന് താംബരത്ത് നിന്ന് പുറപ്പെട്ട് വ്യാഴം രാവിലെ എട്ടിന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
തിരികെയുള്ള സർവീസ് വ്യാഴം രാവിലെ 10.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 11.45 ന് താംബരത്ത് എത്തും. നാഗർകോവിൽ, തിരുനെൽവേലി, മധുര വഴിയാണ് സർവീസ് നടത്തുക. ഹൈദരാബാദ്-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15 ന് ഹൈദരാബാദിലെ ചർലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ബുധൻ ഉച്ചകഴിഞ്ഞ് 2.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും.
മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് വ്യാഴം രാത്രി 11.30 ന് ചർലപ്പള്ളിയിൽ എത്തും. കൊല്ലം, കോട്ടയം, തൃശൂർ, സേലം വഴിയാണ് സർവീസ്.
നാഗർകോവിൽ-മംഗളുരു ജംഗ്ഷൻ അമൃത് ഭാരത് ട്രെയിൻ ചൊവ്വാഴ്ചകളിൽ രാവിലെ 11.30 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് ബുധൻ പുലർച്ചെ അഞ്ചിന് മംഗളുരുവിൽ എത്തും. തിരികെയുള്ള സർവീസ് ബുധൻ രാവിലെ എട്ടിന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 10.05 ന് നാഗർകോവിലിൽ എത്തും.തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ വഴിയാണ് സർവീസ് നടത്തുക.
