തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൂര്‍ത്തിയായി.
ഇന്നലെ രാവിലെ ആറ് മണിയോടെ തുടങ്ങിയ പരിശോധന 22 മണിക്കൂറോളം സമയം നീണ്ടു. മരാമത്ത് പണികളുടെ കോണ്‍ട്രാക്ട് സംബന്ധിച്ച സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുകയുടെയും വഴിപാടിനത്തില്‍ ലഭിച്ച തുകയുടെയും രേഖകള്‍ ഇഡി പിടിച്ചെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഓരോ കാര്യങ്ങളും വിശദമായി ചോദിച്ച് മനസിലാക്കിയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖകള്‍ പിടിച്ചെടുത്തത്.
ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി ഇന്നലത്തെ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഇഡി റെയ്ഡ് ഇനിയും തുടരുമെന്നാണ് വിവരം.
കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടാപാടുകളുടെയും ബാങ്ക് ഇടപാടുകളുടെയും രേഖകള്‍ ഇഡി കണ്ടെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രതികളുടെ സ്വത്തുവകകള്‍ കണ്ട് കെട്ടാനുള്ള നടപടികളുമായാണ് ഇഡി മുന്നോട്ട് പോകുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ പല വ്യാജരേഖകളും മുന്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയിരുന്നുവെന്നതിന്റെ തെളിവുകളും ഇഡി ക്ക് കിട്ടിയെന്നാണ് ലഭിക്കുന്ന സൂചന.
സ്പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന സംശയം ഇഡിക്ക് ഉണ്ട്. ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് കോടതിയുടെ നിര്‍ദേശാനുസരണം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡിഎഫ്ഐആര് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കൊള്ളക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ ഉള്‍പ്പെടുത്തിയാണ് ഇഡിയും കേസെടുത്തത്.
ഇന്നലെ രാവിലെ ആറ് മണിയോടെ കേരളം തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് നിരവധി രേഖകള്‍ കണ്ടെടുത്തത്. 120 ല്‍ പരം ഉദ്യോഗസ്ഥര്‍ 21 കേന്ദ്രങ്ങളിലായാണ് പരിശോധന നടത്തിയത്. സായുധരായ കേന്ദ്രസേനയുടെ സുരക്ഷയിലായിരുന്നു പരിശോധന നടത്തിയത്.
ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എന്‍. വാസു, എ.പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായിരുന്ന വിജയകുമാര്‍, കെ.പി.ശങ്കര്‍ദാസ്, ദേവസ്വം ജീവനക്കാരായ എസ്.ജയശ്രീ, മുരാരി ബാബു, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്ധന് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇഡി ഒരേ സമയം പരിശോധന നടത്തിയത
