ജെസ്‌നയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സിംകാര്‍ഡ് അമ്മ ഉപയോഗിച്ചിരുന്നതെന്ന് സഹോദരങ്ങള്‍, ഉടുപ്പിയില്‍ അടക്കം നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല, ജെസ്‌ന കാണാമറയത്ത് തന്നെ

പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായ സംഭവത്തില്‍ നിലവിലെ അന്വേഷണം തടസപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നു ഹൈക്കോടതി. ജെസ്‌ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസും കെഎസ്‌യു നേതാവ് അഭിജിത്തും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

അതേസമയം ജെസ്‌നയുടെ വീട്ടിലുള്ള ബൈബിളില്‍നിന്ന് ഒരു സിംകാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും ഡിവൈഎസ്പി റഫീക്ക് നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. എന്നാല്‍ ബൈബിളില്‍നിന്നു ലഭിച്ച സിം കാര്‍ഡ് അമ്മ ഉപയോഗിച്ചതാവാമെന്നു സഹോദരന്‍ വ്യക്തമാക്കി. കൂടുതല്‍ വിശദീകരണത്തിനായി ഹര്‍ജി ഓഗസ്റ്റ് 17 ലേക്കു മാറ്റി.

കേസില്‍ വിപുലമായ അന്വേഷണം നടത്തുന്നുണ്ടെന്നു വ്യക്തമാക്കി പോലീസ് നല്‍കിയ വിശദീകരണം കോടതി പരിശോധിച്ചിരുന്നു. കേസില്‍ ഇതുവരെ 350 പേരെ ചോദ്യം ചെയ്തു. 170 പേരുടെ മൊഴി രേഖപ്പെടുത്തി. രണ്ടു ലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ പരിശോധിച്ചു. ജിഷ, ടി.പി. വധക്കേസുകളില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സൈബര്‍ സെല്‍ വിദഗ്ധന്റെ സഹായം ഈ കേസിലും തേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ജെസ്‌നയുടെ വീടിന് സമീപപ്രദേശങ്ങളായ പരുന്തുമ്പാറ, പുഞ്ചവയല്‍, എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

കര്‍ണാടകയിലെ മടിക്കേരി, ഉഡുപ്പി, കുന്ദാപുര, സിദ്ധാപുര തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം നടത്തി. പഴുതടച്ചു ചിട്ടയായ അന്വേഷണമാണ് നടന്നുവരുന്നത്. ഇതരസംസ്ഥാനങ്ങളിലെ പോലീസിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇടുക്കിയിലെ രാജാക്കാട് ഒരു യുവാവിനൊപ്പം ജസ്‌നയെ കണ്ടെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജെസ്‌നയുടെ സഹോദരങ്ങളുടെയും സഹപാഠിയുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കിയിട്ടുണ്ട്.

Related posts