നാലു വയസുകാരി ലൈബ്രേറിയനായി! രണ്ട് വര്‍ഷം കൊണ്ട് വായിച്ചു തീര്‍ത്തത് 1000 പുസ്തകങ്ങള്‍! വീഡിയോ കാണാം!

gപുസ്തകങ്ങള്‍ വായിക്കാന്‍ താത്പ്പര്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പുസ്തക വായനയ്ക്ക് പ്രചോദനവുമായി ജോര്‍ജിയയില്‍ നിന്നൊരു പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്. നാലു വയസിനിടെ ആയിരത്തിലധികം പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്ത കൊച്ചു മിടുക്കിയെ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് ഹോണററി ലൈബ്രേറിയന്‍ പദവി നല്‍കി ആദരിച്ചു. ജോര്‍ജിയ സ്വദേശിയായ നാലു വയസുകാരി ഡാലിയ മേരി അരാനയാണ് ഈ കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ ആയിരത്തിലേറെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തത്.

അരാനയ്ക്ക് ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ ‘ലൈബ്രേറിയന്‍ ഫോര്‍ ദി ഡേ’ ആയി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കി. അമേരിക്കയുടെ ദേശീയ ലൈബ്രറിയായി അറിയപ്പെടുന്ന ലൈബ്രറി ഓഫ് കോണ്‍ഗ്രസ് യുഎസ് കോണ്‍ഗ്രസിന്റെ റിസര്‍ച്ച് ലൈബ്രറിയായാണു പ്രവര്‍ത്തിക്കുന്നത്. രണ്ടാം വയസു മുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയ അരാന ജോര്‍ജിയയിലെ തൗസന്റ് ബുക്ക്‌സ് ബി4 കിന്റര്‍ഗാര്‍ട്ടന്‍ പദ്ധതിയുടെ ഭാഗമായാണ് ആയിരം പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തത്. കിന്റര്‍ഗാര്‍ട്ടനിലെ ആദ്യ ദിവസത്തിനു മുമ്പു തന്നെ ആയിരം പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ കുട്ടികളെ വെല്ലുവിളിക്കുന്ന പദ്ധതിയാണിത്. മകളുടെ നേട്ടം മാതാപിതാക്കളാണ് ലൈബ്രറി ഓഫ് കോണ്‍ഗ്രസിനെ അറിയിച്ചത്.

മകള്‍ പിറന്ന് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ അവള്‍ക്കുവേണ്ടി കഥകള്‍ വായിച്ചുകൊടുക്കാന്‍ തുടങ്ങിയിരുന്നുവെന്ന് അരാനയുടെ മാതാവ് ഹലീമ പറഞ്ഞു. രണ്ടു മക്കള്‍ കൂടിയുണ്ട്. അവര്‍ക്കു കഥകള്‍ പറഞ്ഞുകൊടുക്കുന്നതും അരാന ശ്രദ്ധിച്ചു കേള്‍ക്കുമായിരുന്നു. എല്ലാ ദിവസവും അരമണിക്കൂറോളം ഇത്തരത്തില്‍ വായിക്കുമായിരുന്നു. ഏതാണ്ട് 1819 മാസമായതോടെ അവള്‍ വാക്കുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ മുതിര്‍ന്നവര്‍ വായിക്കുന്ന പുസ്തകങ്ങളാണ് അവള്‍ വായിക്കുന്നതെന്നും അമ്മ പറഞ്ഞു. വലുതാകുമ്പോള്‍ ഒരു ലൈബ്രേറിയന്‍ ആകാനാണ് ആഗ്രഹമെന്നു ഡാലിയ പറഞ്ഞു. മറ്റു കുട്ടികളെ പുസ്തകങ്ങള്‍ വായിക്കാന്‍ പഠിപ്പിക്കാനും ഇഷ്ടമാണെന്ന് കൊച്ചുമിടുക്കി പറയുന്നു.

Related posts