ഓട്ടോ, ടാക്സി തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിൽ; എട്ടു ലക്ഷത്തിൽപ്പരം തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജൂലൈ മൂന്ന് മുതൽ പണിമുടക്ക് നടത്തുമെന്നാണ് തൊഴിലാളികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച് എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളിൽ നിന്നായി സംസ്ഥാനത്തെ എട്ടു ലക്ഷത്തിൽപ്പരം തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്സ് തീരുമാനം പിൻവലിക്കുക, വർധിപ്പിച്ച ആർടിഎ ഓഫിസ് ഫീസുകൾ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ സീൽ ചെയ്യുന്നത് വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുക, അവകാശാനുകൂല്യങ്ങൾ വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.

Related posts