തന്റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് ഡോ. ബാബു പോളിന്റെ ശബ്ദസന്ദേശം! 2018 സെപ്റ്റംബറില്‍ തയാറാക്കി വച്ചിരുന്ന ശബ്ദസന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറല്‍

നിരവധി വിശേഷണങ്ങളും നിരവധി പ്രത്യേകതകളും ജീവിതത്തില്‍ സ്വന്തമായുണ്ടായിരുന്ന ഡോ. ബാബു പോളിന്റെ മരണം വലിയ നഷ്ടമാണ് സമൂഹത്തിന് ഉണ്ടാക്കിയിരിക്കുന്നത്. എന്തിലും വ്യത്യസ്തതയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ബോബു പോള്‍ തന്റെ മരണവുമായി ബന്ധപ്പെട്ടും ചില വ്യത്യസ്തതകള്‍ ഒരുക്കി വച്ചിരുന്നു.

തന്റെ മരണാനന്തരകര്‍മ്മങ്ങളില്‍ പങ്കെടുത്തവര്‍ക്കു വാട്സ്ആപ് സന്ദേശത്തിലൂടെ നല്‍കുന്നതിനായി അദ്ദേഹം നടത്തിയ നന്ദിപ്രകടനമാണ് ഇപ്പോള്‍ സൈബര്‍ലോകത്തു വൈറലായിരിക്കുന്നത്. മരിക്കുന്നതിനു മുമ്പ് അദ്ദേഹം റെക്കോഡ് ചെയ്തു സൂക്ഷിച്ച 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സന്ദേശത്തിലെ വരികള്‍ ഇങ്ങനെ:

‘സഹോദരീ-സഹോദരന്മാരെ ഭയപ്പെടേണ്ട. നിങ്ങള്‍ക്കെല്ലാം ഉണ്ടാകാനുള്ള ഒരു ആശ്വാസ വചനം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഇത് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന വാക്കുകളാണ്. എന്റെ സംസ്‌കാരശുശ്രൂഷയില്‍ സംബന്ധിക്കാനെത്തിയ നിങ്ങളോടൊക്കെ നേരിട്ടു നന്ദിപറയാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അത് അസാധ്യമാണ് എന്നറിയാനുള്ള സാമാന്യ വിജ്ഞാനം നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’.

2018 സെപ്റ്റംബറില്‍ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് ഞായറാഴ്ച പ്രബോധനം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പുറത്തുവിട്ടത്. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ബാബു പോളായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം പറഞ്ഞുറപ്പിച്ച പ്രകാരം ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് പുറത്തുവിട്ടതെന്നാണ് സൂചന.

ഈ ശബ്ദസന്ദേശം അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘…സംതൃപ്തിയോടെയാണ് ഞാന്‍ വിടവാങ്ങുന്നത്. നിങ്ങള്‍ എന്നെക്കുറിച്ചോര്‍ത്തു കരയേണ്ട… ഇത് ഒരു യാത്രയുടെ അവസാനവും മറ്റൊരു യാത്രയുടെ തുടക്കവുമാണ്. ദൈവത്തിനു ജാതിയോ മതമോ ഇല്ല’.

Related posts