താരങ്ങള്‍ പ്രതികരിക്കുന്നില്ല! സിനിമാസമരം പരിഹരിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ തിയറ്റര്‍ ഉപരോധിക്കുമെന്ന് ബൈജു കൊട്ടാരക്കര

baiju-kottarakkaraകൊച്ചി: സിനിമ സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സിനിമാ മേഖലയിലെ തൊഴിലാളികള്‍ സമരപരിപാടികളിലേക്കു കടക്കുമെന്നു മാക്ടാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര രാഷ്ട്രദീപികയോടു പറഞ്ഞു. സിനിമാസമരം പരിഹരിക്കുന്നതിനു സമയം നല്‍കും. അതിനുശേഷം മാക്ട ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ആരംഭിക്കും.

കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഉപരോധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് മാക്ട ഫെഡറേഷന്‍ കടക്കും. സിനിമകള്‍ നിര്‍മിക്കുന്നത് മുതല്‍  പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിനുള്ള പശ വരെ നല്‍കുന്നത് നിര്‍മാതാക്കളാണ്. എന്നിട്ട് ലാഭം മാത്രം കൊയ്യാന്‍ തിയറ്ററുടമകള്‍ ശ്രമിക്കുന്നത് ന്യായമുള്ള കാര്യമല്ല. തിയറ്ററുടമകളുടെ ആവശ്യം ന്യായമല്ല.

ഈ പ്രതിസന്ധി മൂലം ആയിരക്കണക്കിനു തൊഴിലാളികളുടെ തൊഴില്‍ നഷ്ടമായ സാഹചര്യമാണുള്ളത്. ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ മാസം മാത്രമാണ് ഈ മേഖലയിലെ തൊഴിലാളികള്‍ക്കു ജോലി ഉള്ളത്. എന്നാല്‍, സമരം മൂലം അതും നഷ്ടമാകുന്ന അവസ്ഥയാണ്.  ഈ സാഹചര്യത്തിലാണ് സമരപരിപാടികളിലേക്ക് കടക്കാന്‍ മാക്ടാ ഫെഡറേഷന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ താരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ല. നിര്‍മാതാക്കളുടെ കൈയില്‍ നിന്നു പണം വാങ്ങി അക്കൗണ്ടില്‍ നിക്ഷേപിക്കുകയല്ലാതെ സിനിമയ്ക്കു വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ തയാറാകുന്നില്ല. മാക്ട ഫെഡറേഷന്‍ ഈ വിഷയത്തില്‍ നിര്‍മാതാക്കള്‍ക്കൊപ്പമാണെന്നും മള്‍ട്ടിപ്ലക്‌സുകളിലെയും തിയറ്റര്‍ വിഹിതം 60-40 അനുപാതത്തിലേക്ക് മാറ്റണമെന്നാണ് മാക്ട ഫെഡറേഷന്റെ ആവശ്യമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു.

Related posts