ബാങ്ക് നടപടികള്‍ തോന്നിയപോലെ… 24000 കിട്ടാന്‍ ഒരാഴ്ച ക്യൂനില്‍ക്കണം; സാധാരണക്കാര്‍ക്ക് 4000, സ്വന്തക്കാര്‍ക്ക് 48000..!

ktm-bankകോഴിക്കോട്: കറന്‍സി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ബാങ്കുകള്‍ക്ക് തോന്നിയപോലെ…! എസ്ബിഐ, എസ്ബിടി ഒഴിച്ചുള്ള ദേശസാത്കൃത ബാങ്കുകളില്‍ നിന്നും ഒരു ദിവസം ചെക്ക് എഴുതിയോ പേ സ്ലിപ്പ് മുഖേനയോ പിന്‍വലിക്കാവുന്ന തുക അതാത് ദിവസം രാവിലെ തീരുമാനിക്കുന്ന രീതിയാണുള്ളത്. 24000, രൂപ വരെ ഒരുദിവസം ചെക്ക് മുഖേന പിന്‍വലിക്കാന്‍ ആര്‍ബിഐ അനുമതിയുണ്ട്. എന്നാല്‍ ഇന്നലെ കനറാ ബാങ്കുള്‍പ്പെടെയുള്ള ദേശസാല്‍കൃത ബാങ്കില്‍നിന്നും പിന്‍വലിക്കാന്‍ കഴിഞ്ഞത് 4000 രൂപമാത്രം. ഇതിനു തൊട്ടുമുന്‍പുള്ള ദിവസം ഇത് 6000 രൂപ മാത്രമായിരുന്നു.

രാവിലെ തന്നെ വലിയ ക്യൂവില്‍ നിന്ന് അത്യാവശ്യത്തിന് പണം പിന്‍വലിക്കാന്‍എത്തുന്നവര്‍ ബാങ്കില്‍ കയറുമ്പോഴാണ് എത്ര തുക പിന്‍വലിക്കാന്‍ കഴിയും എന്നതിനെകുറിച്ച് അറിയുന്നത്. ഇതോടെ പലരും ബാങ്കിലെ ജീവനക്കാരുമായി തര്‍ക്കമായി.പന്തീരാങ്കാവ് കനറാ ബാങ്കില്‍ നല്ലളം പോലീസ് എത്തിയാണ് ഇന്നലെ  ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചത്. കറന്‍സിയുടെ ലഭ്യതകുറവാണ് ഇതിനുകാരണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നതെങ്കിലും സ്ഥിരമായി ഇങ്ങനെ ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് സാധാരണക്കാര്‍ ഉയര്‍ത്തുന്നത്.

24000 രൂപിന്‍വലിക്കാന്‍ ഒരാഴ്ച ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണിപ്പോള്‍  സാധാരണക്കാര്‍. പലപ്പോഴും  ഒരുമണിയോടെ തന്നെ പണം തീര്‍ന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. തിരക്ക് ഒഴിവാക്കാനും മറ്റു പ്രവൃത്തികള്‍ ചെയ്തുതീര്‍ക്കാനുമാണ് ഈ തന്ത്രമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നേരത്തെ ഇതറിമായിരുന്നുവെങ്കില്‍ വേറെ വഴിനോക്കാമായിരുന്നുവെന്നാണ് ക്യൂവില്‍  നില്‍ക്കുന്നവര്‍ പറയുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും മറ്റ് അത്യാവശ്യങ്ങള്‍ക്കും നാലായിരംരൂപ എങ്ങിനെ തികയുമെന്നാണ് ഇവര്‍ചോദിക്കുന്നത്.

രാവിലെ തന്നെ ബാങ്കിനു മുന്നില്‍ എത്ര തുക പിന്‍വലിക്കാന്‍കഴിയുമെന്ന അറിയിപ്പിനുപോലും  അധികൃതര്‍ തയ്യറായില്ലെന്ന ആക്ഷേപവും ഉണ്ട്. അതേസമയം, മാനേജര്‍ക്കും ഓഫീസര്‍മാര്‍ക്കും വേണ്ടപ്പെട്ടവരാണെങ്കില്‍ 48000 രൂപവരെ നല്‍കുന്നതായി ബാങ്ക് ജീവനക്കാര്‍തന്നെ സമ്മതിക്കുന്നു. കഴിഞ്ഞയാഴ്ച പണം എടുക്കത്തവര്‍ക്കാണ് ഈ ‘അഡ്ജസ്റ്റ്‌മെന്റ്’.

Related posts