ബിഹാറില്‍ എന്‍ഡിഎ മുമ്പില്‍; ജെഡിയുവിനെ മറികടന്ന് ബിജെപി; മെച്ചപ്പെട്ട പ്രകടനവുമായി ഇടതു പാര്‍ട്ടികള്‍; പ്രവചനങ്ങളെ ശരിവച്ച് എല്‍ജെപി…

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മധ്യഘട്ടം പിന്നിട്ടതോടെ എന്‍ഡിഎയ്ക്ക് മുന്നേറ്റം. തുടക്കത്തില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് കണ്ടതെങ്കിലും പിന്നീട് എന്‍ഡിഎ മുന്നേറുകയായിരുന്നു.

243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റുകളാണ്. നിലവില്‍ 122നു മുകളില്‍ സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്.

എന്നാല്‍ 2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭരണകക്ഷിയായ ജെഡിയുവിന് നഷ്ടമാണുണ്ടായിരിക്കുന്നത്. 2015ല്‍ 71 സീറ്റ് നേടിയ ജെഡിയു ഇത്തവണ ലീഡ് ചെയ്യുന്നത് 55ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ്.

അതേ സമയം കഴിഞ്ഞ തവണ 53 സീറ്റുകള്‍ നേടിയ ബിജെപി തങ്ങളുടെ സീറ്റ് നില 60നു മുകളിലേക്ക് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കഴിഞ്ഞ തവണ 80 സീറ്റുകള്‍ നേടിയ ആര്‍ജെഡി ഇത്തവണ 65ല്‍ പരം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 27 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 25ല്‍ താഴെ മാത്രം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തവണ വെറും രണ്ടു സീറ്റുകളില്‍ വിജയിച്ച ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി നിലവില്‍ ആറിലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തവണ മൂന്നു സീറ്റുകളില്‍ മാത്രം വിജയിച്ച ഇടതു സംഘടനകളാണ് ഇത്തവണ ഏറ്റവും നേട്ടമുണ്ടാക്കുന്ന മറ്റൊരു കൂട്ടര്‍.

പത്തിലേറെ സീറ്റുകളിലാണ് ഇത്തവണ ഇടതു പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നത്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് മൂന്നോ നാലോ സീറ്റിന്റെ കുറവു വന്നാലും എന്‍ഡിഎയോട് അനുഭാവം പുലര്‍ത്തുന്ന എല്‍ജെപിയുടെ സഹായത്തോടെ അധികാരം പിടിക്കാമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ പ്രതീക്ഷ. രണ്ട് സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്.

Related posts

Leave a Comment