സ്വന്തം ലേഖകന്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ നാലുവശത്തുനിന്നും പൂട്ടാന് ദേശീയ അന്വേഷണ ഏജന്സികള്.
ഒന്നുമില്ലായ്മയില്നിന്നും കോടികള് സമ്പാദിച്ച ബിനീഷ് കോടിയേരി സര്വമേഖലയിലും ബിനാമി ഇടപാട് നടത്തുകയാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.
അധികാരം പരമാവധി ഉപയോഗിച്ചു വന്കിട ബിസിനസുകളിലും ഇടപാടുകളിലും കോടികളുടെ സമ്പാദ്യമാണ് ഇയാള് സമ്പാദിച്ചത്. കേരളത്തിലും വിദേശത്തും പേരിലും ബിനാമിയിലും നിരവധി സ്ഥാപനങ്ങള് ബിനീഷിന്റേതായി പ്രവര്ത്തിക്കുന്നു.
പണത്തിന്റെ ഉറവിടം കണ്ടെത്താന് എന്ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കേരളത്തിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും ബിനാമി സ്ഥാപനങ്ങളിലേക്കും നീട്ടുകയാണ്.
അക്കൗണ്ടുകളില് വന്നടിഞ്ഞത് കോടികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാര്യമായ ജോലിയോ എടുത്തുപറയാന് ബിസിനസോ ഇല്ലാത്ത ബിനീഷിനായിരുന്നു കോടികളെത്തിയത്.
ഇയാള് നല്കുന്ന ഒരു രേഖകളും ദേശീയ അന്വേഷണ ഏജന്സികളുടെ രേഖകളും ഒത്തുപോകുന്നില്ല. 2012-19 വർഷങ്ങളിലെ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന് നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മില് ഗുരുതര പൊരുത്തക്കേടുകളുണ്ടെന്ന് കോടതിയില് ഇഡി സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു.
ചില വര്ഷങ്ങളില് റിട്ടേണില് കാണിച്ച വരുമാനത്തിന്റെ പത്തിരട്ടിയോളം അക്കൗണ്ടുകളിലെത്തി. ഏഴുവര്ഷത്തിനിടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1.22 കോടിയാണ്. എന്നാല് അക്കൗണ്ടുകളിലെത്തിയത് 55.17 കോടിയാണ്.
ബിനീഷിന്റെ സാമ്പത്തികസഹായത്തോടെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും അന്വേഷണം നടത്താനാണ് തീരുമാനം. സ്വര്ണക്കടത്തുകേസിലെ പ്രതി അബ്ദുല് ലത്തീഫ്, ബിനീഷിന്റെ ബിനാമിയും ബസിനസ് പങ്കാളിയുമാണെന്ന് ഇഡി വ്യക്തമാക്കി കഴിഞ്ഞു.
സ്വര്ണക്കടത്തിലും ബിനീഷിനു പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്. ഇതു ഗൗരവമായിട്ടാണ് മറ്റു അന്വേഷണ ഏജന്സികളും കാണുന്നത്.
മറ്റ് അന്വേഷണ ഏജൻസികളും
നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ മാത്രമല്ല മറ്റ് ദേശീയ ഏജന്സികളും ബിനീഷിനുവേണ്ടി കോടതിയെ സമീപിക്കും. സാമ്പത്തിക ഇടപാട് പിടിക്കപ്പെടാതിരിക്കാന് ബിനാമികളുടെപേരിലാണ് സ്ഥാപനങ്ങള് തുടങ്ങിയത്.
ലഹരിമരുന്നുകച്ചവടത്തിലൂടെ ബിനീഷ് സ്വരൂപിച്ച ആസ്തികള് കൈവശംവെച്ചത് അബ്ദുല് ലത്തീഫായിരുന്നുവെന്നും ഇയാളുടെ കോഫി ഹൗസില് ബിനീഷിന് പങ്കാളത്തമുണ്ട്.
റസ്റ്ററന്റിനുവേണ്ടി മുഹമ്മദ് അനൂപ് സാമ്പത്തിക ഇടപാട് നടത്തിയത് ബിനീഷിനുവേണ്ടിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബെംഗളൂരുവിലും ഇവന്റ് മാനേജമെന്റ് കമ്പനികളുണ്ടെന്നും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണ് നിലവില് ഇവയുടെ ഡയറക്ടര്മാരെന്നും ഇഡി വ്യക്തമാക്കുന്നു.
ഈ രണ്ട് കമ്പനികള്വഴി വലിയ തോതില് കള്ളപ്പണം വെളുപ്പിക്കല് നടന്നുവെന്ന നിഗമനത്തിലാണ് ഇഡി. ബിനീഷ് കോടിയേരി ലഹരിമരുന്ന് ഉപയോഗിച്ചതിനും മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടില് സഹായിച്ചതിനുമുള്ള മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു.