ഇത്തവണത്തെ കിറ്റ് ‘പൊളിക്കും’ ! ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉറപ്പാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍; ഇതിന് കാരണമായത് ഏഴാംക്ലാസുകാരി അനറ്റിന്റെ കത്ത്…

സപ്ലൈകോയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരട്ടിമധുരം.

വിതരണത്തിനെത്തുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഇടപെടലിലാണ് ഇത്തരത്തില്‍ രണ്ട് ഐറ്റം മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ കിറ്റ് തയ്യാറാകുന്നത്.

പൂര്‍ണപിന്തുണയുമായി സ്പ്ലൈകോയും കൈകോര്‍ക്കുന്നതോടെ കേരളത്തിലെ ഓരോ കുടുംബത്തിലേയും കുട്ടികളുടെ കൈകളിലേക്ക് പലഹാരമെത്തുകയാണ്.

മന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ അടൂരിലെ ഏഴാംക്ലാസുകാരി അനറ്റിന് നല്‍കിയ വാക്കിന്റെ മധുരവുമുണ്ട്. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അനറ്റ് ഭക്ഷ്യക്കിറ്റില്‍ സ്നാക്സും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന്‍ തോമസ്-ഷൈനി ചെറിയാന്‍ ദമ്പതികളുടെ ഇളയ മകളാണ് അനറ്റ്. അന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് ഈ ഏഴാംക്ലാസുകാരി കത്തെഴുതിയത്.

കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അടുത്ത തവണ കിറ്റില്‍ സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ വാഗ്ദാനമാണിപ്പോള്‍ നിറവേറിയിരിക്കുന്നത്.

സ്‌കൂളുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു അനറ്റ് മുഖ്യമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചത്.

കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍ സാറെന്ന് വിശേഷിപ്പിച്ചാണ് അനറ്റിന്റെ കത്ത് തുടങ്ങിയത്.

ഈ കത്ത് വായിച്ച മുഖ്യമന്ത്രി ഉടനെ തന്നെ കത്ത് ഭക്ഷ്യമന്ത്രിക്കു കൈമാറി. അധികം വൈകാതെ തന്നെ അനറ്റിനെ തേടി ഭക്ഷ്യമന്ത്രിയുടെ മറുപടിയുമെത്തി.

മന്ത്രി ബന്ധപ്പെട്ട സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ഭക്ഷ്യകിറ്റില്‍ തന്നെ ബിസ്‌ക്കറ്റോ മധുരപലഹാരമോ മറ്റേതെങ്കിലും സ്നാക്സ് പായ്ക്കറ്റോ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ തന്നെ വിഡിയോ കോള്‍ വഴി അനറ്റിനെ ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഫോണ്‍കോള്‍ അനറ്റിനെയും കുടുംബത്തെയും ശരിക്കും ഞെട്ടിക്കുകയും ചെയ്തിരുന്നു.

ഈ വിവരം സ്‌കൂളില്‍ എല്ലാവരോടും കൂട്ടുകാരെയുമൊക്കെ അറിയിക്കണമെന്നും പറഞ്ഞ ശേഷമാണ് മന്ത്രി അന്ന് ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്.

തന്റെ കത്ത് മുഖ്യമന്ത്രി വായിച്ചതിന്റെയും മറുപടി ലഭിച്ചതിന്റെയും സന്തോഷത്തിലായിരുന്നു അന്ന് അനറ്റ്. ഇപ്പോഴാകട്ടെ തന്റെ കത്ത് കാരണം കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാരമെത്തുന്നതിന്റെ സന്തോഷത്തിലും.

കിറ്റെത്തിക്കുന്ന സപ്ലൈകോ ആകട്ടെ കുഞ്ഞുങ്ങളെ കൂടി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുമ്പോള്‍ പരിഗണിച്ച് ഹീറോ പരിവേഷം അണിയുകയും ചെയ്തിരിക്കുകയാണ്.

ഇത്തവണ ഓണക്കിറ്റില്‍ 17 ഇനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് സപ്ലൈകോ അറിയിക്കുന്നത്. 600 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണക്കിറ്റിനാണ് സപ്ലൈകോ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇനങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമാക്കുന്നതിന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍, സപ്ലൈകോ എംഡി അലി അസ്ഗര്‍ പാഷ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

Related posts

Leave a Comment