വീണ്ടും ഹണിട്രാപ്പ്! തന്നെ മയക്കിക്കിടത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതിയും സംഘവും അഞ്ചു കോടി ആവശ്യപ്പെട്ടെന്ന് ബിജെപി എംപിയുടെ പരാതി

honeyന്യൂഡല്‍ഹി: താന്‍ ഹണിട്രാപ്പില്‍ പെട്ടതായി ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. സഹായം തേടി തന്നെ സമീപിച്ച യുവതിയും സംഘവും തന്നെ ചതിയില്‍പ്പെടുത്തിയ ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തു വിടാതിരിക്കാന്‍ അഞ്ചു കോടി ആവശ്യപ്പെട്ടെന്നും എംപി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയായ കെ.സി പട്ടേലാണ് ഹണിട്രാപ്പില്‍ പെട്ടത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്‌ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നല്‍കുകയായിരുന്നു.

ഗൗരവകരമായ സംഭവമായതിനാല്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേസ് ക്രൈം ബ്രാഞ്ചിനോ സ്‌പെഷല്‍ സെല്ലിനോ കൈമാറുന്ന കാര്യവും പരിഗണനയിലുണ്ട്. എംപിയുടെ പരാതിയില്‍ പറയുന്ന സ്ത്രീ, ഇത്തരം കേസുകളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍, സഹായത്തിനായി എംപിമാരെ സമീപിച്ച് തന്റെ സംഭാഷണ ചാതുരിയില്‍ ഇവരെ വീഴ്ത്തുകയാണ് ചെയ്യുക. തുടര്‍ന്ന് വീട്ടിലേക്കു ക്ഷണിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ഉതകുന്ന ചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യമായി പകര്‍ത്തും. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയയ്ക്കും. ഇവര്‍ കഴിഞ്ഞ വര്‍ഷം ഒരു പാര്‍ലമെന്റ് അംഗത്തിനെതിരെ ഇവര്‍ വ്യാജ പരാതി നല്‍കിയിരുന്നതായും വിവരമുണ്ട്.

Related posts