എറണാകുളത്ത് സ്ഥാനാര്‍ഥിത്വം, തോറ്റാല്‍ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കും, കോണ്‍ഗ്രസ് അവഗണിച്ച കെ.വി. തോമസിനെ ചാക്കിലാക്കാന്‍ ഓപ്പറേഷന്‍ നടത്തുന്നത് നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും, ചാഞ്ചാടി നില്ക്കുന്ന തോമസ് മറിയുമോ?

എറണാകുളത്തു സ്ഥാനാര്‍ഥിയാകാനുള്ള നീക്കം വെട്ടിയ കോണ്‍ഗ്രസിനെതിരേ കലാപമുയര്‍ത്തിയ കെ.വി. തോമസിനെ ബിജെപി പാളയത്തിലെത്തിക്കാന്‍ അണിയറയില്‍ ശക്തമായ ശ്രമങ്ങള്‍. കോണ്‍ഗ്രസ് വിട്ട് കാവിപാളയത്തില്‍ ചേക്കേറിയ ടോം വടക്കന്‍ വഴി നിര്‍മല സീതാരാമനും സ്മൃതി ഇറാനിയുമാണ് നീക്കങ്ങള്‍ നിയന്ത്രിക്കുന്നത്. വലിയ ഉറപ്പുകള്‍ തോമസിന് നല്കിയെന്നാണ് സൂചന.

തോമസിനെ ബിജെപിയിലെ ന്യൂനപക്ഷ മുഖമായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനവും നല്കിയിട്ടുണ്ട്. ഇതുവരെ മനസുതുറന്നിട്ടില്ല തോമസ്. കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുമെന്ന തരത്തിലുള്ള അഭിപ്രായസര്‍വേകള്‍ ഉയര്‍ത്തി കാട്ടിയുള്ള തുറുപ്പുചീട്ടാണ് ബിജെപി പുറത്തെടുക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നാല്‍ ഇനിയൊരിക്കലും ഡെല്‍ഹി രാഷ്ട്രീയത്തില്‍ നിറയാന്‍ സാധിക്കുകയില്ലെന്നും കേരളത്തിലെ നേതാക്കളുടെയിടയില്‍ അപ്രസക്തനാകേണ്ടി വരുമെന്നും ടോം വടക്കന്‍ വഴി ബിജെപി നേതൃത്വം തോമസിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം തോമസിന് സീറ്റ് നിഷേധിച്ചത് കുഴപ്പമില്ലെങ്കിലും വിഷയം കൈകാര്യം ചെയ്തരീതി ശരിയായില്ലെന്ന അഭിപ്രായവുമായി കെ. സുധാകരന്‍ രംഗത്തെത്തി. കെ വി തോമസിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ നടപടി അല്‍പം കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു.

കെ വി തോമസിനെ പോലെ മുതിര്‍ന്ന ഒരു നേതാവിന് സീറ്റ് നല്‍കാനാവില്ലെങ്കില്‍ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. സോണിയ ഗാന്ധി വരച്ച വരയില്‍ കെ വി തോമസ് വരും. മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ബിജെപിയിലേക്ക് പോകാന്‍ കെ.വി തോമസ് ടോം വടക്കന്‍ അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Related posts