ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​നി ക​ലി​പ്പ​ട​ക്കാം; പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​നത്ത്

വാ​സ്കോ: ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​നി ക​ലി​പ്പ​ട​ക്കാം; മ​ഞ്ഞ​യി​ൽ കു​ളി​ച്ചാ​ടാം… ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഗോ​വ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ തി​ല​ക് മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-0ന് ​ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ർ​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​സേ​ര വ​ലി​ച്ചി​ട്ടി​രു​ന്ന​ത്. 2014നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ൽ സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ ആ​ൽ​വാ​രോ വാ​സ്ക്വെ​സാ​ണു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. ഹ​ർ​മ​ൻ​ജ്യോ​ത് ഖ​ബ്ര​യു​ടെ ലോം​ഗ് ത്രോ​യി​ൽ​നി​ന്നാ​ണ് ഗോ​ളി​ന്‍റെ തു​ട​ക്കം.

ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന ത്രോ ​മ​ല​യാ​ളി​താ​രം സ​ഹ​ൽ സ​മ​ദ് പി​ന്നി​ലേ​ക്കു ഹെ​ഡ് ചെ​യ്തു മ​റി​ച്ചു​ന​ൽ​കി. കാ​ത്തു​നി​ന്ന വാ​സ്ക്വെ​സ് ഒ​രു ഒ​ന്നാ​ന്ത​രം ഇ​ടം​കാ​ൽ വോ​ളി​യി​ലൂ​ടെ പ​ന്ത് വ​ല​യി​ലാ​ക്കി. താ​ര​ത്തി​ന്‍റെ സീ​സ​ണി​ലെ നാ​ലാം ഗോ​ൾ. ര​ണ്ടാം പ​കു​തി​യി​ൽ ഹൈ​ദാ​രാ​ബാ​ദ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മൂ​റ​ച്ച കൂ​ട്ടി​യെ​ങ്കി​ലും ബ്ലാസ്റ്റേഴ്സ് പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല.

സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ​ത്. തു​ട​ർ​ന്ന് ഒ​ന്പ​ത് മ​ത്സ​ര​ത്തി​ലും ബ്ലാ​സ്റ്റേ​ഴ്സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു. അ​ഞ്ചാം സ്ഥാ​ന​ത്തു​നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് 17 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി​യ​ത്. മും​ബൈ​ക്കും 17 പോ​യി​ന്‍റു​ണ്ടെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് ഇ​രി​പ്പു​റ​പ്പി​ച്ചു.

Related posts

Leave a Comment