കഴിഞ്ഞത് മാറ്റാന്‍ സാധിക്കില്ല, ഭാവിയില്‍ തീര്‍ച്ചയായും മെച്ചപ്പെടുത്താം! നാണംകെട്ട തോല്‍വിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തോട് മുഴുവന്‍ മാപ്പപേക്ഷിച്ച് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍

കഴിഞ്ഞ സീസണിലെ കടം വീട്ടാനായി ഐഎസ്എല്‍ 2018 ല്‍ തുനിഞ്ഞിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് വന്‍ തിരിച്ചടികളാണ് ഇത്തവണ നേരിടേണ്ടി വന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ പ്രതീക്ഷയുടെ ഏഴയലത്ത് എത്താന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല, ഒന്നില്‍ കൂടുതല്‍ മത്സരം ജയിക്കാന്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് ടീമിന് സാധിച്ചില്ല. മാത്രവുമല്ല, ഏറ്റവും ഒടുവിലത്തെ മത്സരത്തില്‍ മുബൈ സിറ്റി എഫ്‌സിയോട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ദയനീയ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റു വാങ്ങിയത്.

ഈയവസ്ഥയില്‍ അഞ്ചാം സീസണിലെ മോശം പ്രകടനത്തില്‍ ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍. ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താനായില്ലെന്നും ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ജിങ്കാന്‍ ട്വിറ്ററില്‍ കുറിച്ചു. അടുത്ത സീസണില്‍ കൂടുതല്‍ അധ്വാനിക്കുമെന്നും മികച്ച പ്രകനം നടത്തുമെന്നും ജിങ്കാന്‍ ഉറപ്പു നല്‍കുകയും ചെയ്തു.

ജിങ്കന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…

കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തോടും ഞങ്ങളെ പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നു. തീര്‍ത്തും ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു ഇത്. എങ്കിലും നിങ്ങള്‍ അര്‍ഹിച്ചത് ഞങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. പക്ഷേ, ഞങ്ങള്‍ കഴിവിന്റെ പരാമവധി ശ്രമിച്ചു. ചില സമയങ്ങളില്‍ നമ്മള്‍ ചെയ്ത കഠിനാധ്വാനത്തിന് ഫലം ഉറപ്പുവരുത്താന്‍ സാധിക്കില്ല. കഴിഞ്ഞത് മാറ്റാന്‍ കഴിയില്ല. ഭാവിയില്‍ മെച്ചപ്പെടുത്താനേ സാധിക്കൂ. അടുത്ത സീസണില്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും”.

Related posts