കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താമെന്ന ഷമീമ ബീഗത്തിന്റെ മോഹം പൊലിയുന്നു ! 15-ാം വയസില്‍ ഐഎസില്‍ പോയ പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി;ഭീകരസംഘടനയില്‍ ചേര്‍ന്നതില്‍ പശ്ചാത്താപമില്ലാത്ത ഷമീമയുടെ ഇനിയുള്ള ജീവിതം എന്തെന്ന് ചോദ്യമുയരുന്നു…

ലണ്ടന്‍:15-ാം വയസില്‍ ബ്രിട്ടനില്‍ നിന്നു സിറിയയില്‍ പോകുകയും ഐഎസ് ഭീകരനെ വിവാഹം കഴിക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്

ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തില്‍ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.

പൂര്‍ണ ഗര്‍ഭിണിയായിരുന്നപ്പോഴേ കുഞ്ഞിനെ പ്രസവിക്കാന്‍ ബ്രിട്ടനിലേക്ക് മടങ്ങിയെത്തണമെന്ന് ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനോടുള്ള എതിര്‍പ്പ് ആഭ്യന്തര സെക്രട്ടറി അപ്പോള്‍ തന്നെ വ്യക്തമാക്കിയിരികുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം അഭയാര്‍ഥി ക്യാമ്പില്‍ വച്ച് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കി. മകനെ ഇസ്ലാമില്‍ തന്നെ വളര്‍ത്തുമെന്നും ഒരിക്കലും ഐഎസിനെ തള്ളിപ്പറയില്ലെന്നും ഇവര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തുകയും ചെയ്തു.

യുകെയിലേക്കു മടങ്ങിയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ പോലും തനിക്കു മടിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടന്‍ കടന്നത്. 1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി.

പൊതു താല്‍പര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാല്‍ ഒരാളുടെ പൗരത്വം റദ്ദാക്കാന്‍ നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ലെന്നു മാത്രമേയുള്ളൂ. ബംഗ്ലദേശില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ടതാണ് ഷെമീമ. ഇവര്‍ക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടിഷ് പൗരത്വം തിരിച്ചെടുത്തത്. എന്നാല്‍ പൗരത്വമുണ്ടെങ്കിലും ഒരിക്കലും ബംഗ്ലാദേശില്‍ പോയിട്ടില്ലെന്ന് ഷെമീമ വ്യക്തമാക്കിയിരുന്നു.

ഇരട്ട പൗരത്വത്തിന്റെ വിശദാംശങ്ങള്‍ ഹോം ഓഫിസ് പുറത്തുവിടുന്നില്ലെങ്കിലും എവിടെയെങ്കിലും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കു തങ്ങള്‍ ആരെയും തള്ളിവിടില്ലെന്നാണ് ഹോം ഓഫിസ് വക്താവ് വ്യക്തമാക്കുന്നത്. വിവിധ ഭീകരസംഘടനകള്‍ക്കു പിന്തുണയുമായി രാജ്യവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തില്‍ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫിസിന്റെ കണക്കുകള്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷെമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നും സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്.

ഐഎസില്‍ ചേര്‍ന്നതിലും അവരുടെ ആശയങ്ങളെയും ചെയ്തികളെയും പിന്തുണയ്ക്കുന്നതിലും ഖേദമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണു കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചെത്താനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചത്. ഛേദിക്കപ്പെട്ട ശിരസുകള്‍ ബിന്നുകളിലും മറ്റും കിടക്കുന്നതുപോലും താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്ന് ഇപ്പോഴും തുറന്നു പറയുന്ന അവര്‍ ഒരിക്കലും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കാനും തയാറായില്ല.

ലണ്ടനില്‍ നിന്ന് സിറിയയിലെത്തിയ ഷമീമയും രണ്ട് കൂട്ടുകാരികളും ഐഎസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസത്തിനു ശേഷം ഇസ്‌ലാമിലേക്കു മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസായിരുന്നു പ്രായം. ഇയാള്‍ക്കൊപ്പമാണു പിന്നീട് കഴിഞ്ഞത്.

കിഴക്കന്‍ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസില്‍നിന്ന് രണ്ടാഴ്ചമുന്‍പു രക്ഷപ്പെട്ടാണ് അഭയാര്‍ഥി ക്യാംപിലെത്തിയത്. സിറിയന്‍ പട്ടാളത്തിനു മുന്നില്‍ ഭര്‍ത്താവു കീഴടങ്ങിയപ്പോഴാണു വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപിലേക്കു പോരാന്‍ നിര്‍ബന്ധിതയായത്. ഇപ്പോള്‍ 19 വയസുള്ള ഷെമീമയുടെ മൂന്നാമത്തെ കുട്ടിയാണ് കഴിഞ്ഞ ശനിയാഴ്ച പിറന്നത്. നേരത്തേ അവര്‍ രണ്ട് കുട്ടികള്‍ക്കു ജന്മം നല്‍കിയെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വം ഇവര്‍ക്ക് നഷ്ടമായതോടെ ഇനി ഇവര്‍ക്ക് ബംഗ്ലാദേശിനെ ആശ്രയിക്കുക മാത്രമേ തരമുള്ളൂ.

Related posts