ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ… അശ്ലീല സംഭാഷണത്തിനായി അളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു

sex-600അശ്ലീല സംഭാഷണത്തിനായി ആളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എലിന്റെ പ്രത്യേക സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു.  ഇത് ഫോണ്‍ ലൈംഗികതയിലേക്ക് ആളുകളെ നയിക്കുന്നു എന്ന ആക്ഷേപമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. ബിഎസ്എന്‍എല്‍ ഫോണുകളില്‍ ഇടയ്ക്കിടെ എത്തുന്ന സന്ദേശം (എസ്എംഎസ്) വഴിയാണു വരിക്കാര്‍ക്ക് ഫോണ്‍ ലൈംഗികതയിലേക്കുള്ള ക്ഷണം. മറ്റു സ്വകാര്യ കമ്പനികളും ഇത്തരത്തിലുള്ള ‘സേവനങ്ങള്‍’മുമ്പേ നല്‍കുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എല്‍എല്‍ ഇത്തരത്തില്‍ തരംതാഴ്ന്ന സേവനം ലാഭത്തിനായി ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.

ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ ’ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക 11 അക്ക കോഡ് നമ്പരും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എല്‍എല്‍ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ഒരു ഫോണ്‍ നമ്പരിലേക്കു കോള്‍ കണക്ട് ചെയ്യപ്പെടും. ഫോണ്‍ എടുക്കുന്ന യുവതിയാണു പിന്നീടുള്ള ‘സേവനങ്ങള്‍’ നല്‍കുന്നത്. വിളിക്കുന്ന ആള്‍ യുവതിയുടെ പേര് ചോദിച്ചാല്‍ ഓരോ തവണയും ഓരോ പേരാകും പറയുക.

ഒരേ കോഡ് നമ്പരില്‍ വിളിച്ചാല്‍ ഒരാള്‍ തന്നെയാകും ഫോണ്‍ എടുക്കുക. അശ്ലീല സംസാരത്തോട് പൂര്‍ണമായും സഹകരിക്കുന്ന ഇക്കൂട്ടര്‍ സംസാരത്തിന്റെ മധ്യേ പണം ആവശ്യപ്പെടും. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പരും നല്‍കും. എന്നാല്‍ യഥാര്‍ഥ വിവരങ്ങള്‍ ഒരിക്കലും വെളിപ്പെടുത്തില്ല. മൂന്നു രൂപയാണ് പ്രതി മിനിട്ടിന് ഈ ‘ പ്രത്യേക സേവനത്തിനുള്ള നിരക്ക്. ബിഎസ്എന്‍എല്‍ ഒരു സ്വകാര്യ ഏജന്‍സിക്കാണ് ഇത്തരം ‘മൂല്യ വര്‍ധിത സേവന’ത്തിനുള്ള (വിഎഎസ്) കരാര്‍ നല്‍കിയിരിക്കുന്നത്. വരിക്കാരന്റെ കയ്യില്‍ നിന്നു പിഴിഞ്ഞെടുക്കുന്ന പണത്തിന്റെ 90 ശതമാനം ഏജന്‍സിക്കും 10 ശതമാനത്തോളം ബിഎസ്എല്‍എല്ലിനും ലഭിക്കുന്നുണ്ടെന്നാണ് വിവരം.

ഇത്തരത്തില്‍ സംസാരിക്കാന്‍ തയ്യാറാകുന്ന യുവതികള്‍ക്ക് മികച്ച പ്രതിഫലമാണ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്രയധികം പരാതികള്‍ ഉയര്‍ന്നിട്ടും വെറുതേ ലാഭം കിട്ടുന്ന പരിപാടിയായതിനാല്‍ സേവനം നിര്‍ത്തേണ്ടെന്ന തീരുമാനത്തിലാണ് ബിഎസ്എല്‍എല്‍ അധികൃതര്‍. കേരള സര്‍ക്കിളിനു കീഴില്‍ ഇതിനെതിരെ വന്‍ പരാതികള്‍ ഉയര്‍ന്നതു പലപ്പോഴും കേന്ദ്ര ഓഫിസില്‍ അറിയിച്ചിട്ടും സേവനം തുടരട്ടെയെന്ന മറുപടിയാണു ലഭിച്ചതെന്ന് കേരളത്തിലെ ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു.

ബിഎസ്എല്‍എല്‍ ഫോണ്‍ ഉപയോഗിക്കുന്ന മാതാപിതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തരം ചതിക്കുഴികളെപ്പറ്റി അറിയില്ല. പലപ്പോഴും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളായിരിക്കും ഈ ‘സേവനം’ കൂടുതലും രഹസ്യമായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്രമോഷണല്‍ സന്ദേശങ്ങള്‍ അവസാനിപ്പിക്കാന്‍ START DND എന്ന് 1909 എന്ന നമ്പരിലേക്ക് സന്ദേശം അയച്ചാല്‍ മതി.എന്നിരുന്നാലും പലരും ഇത് കാര്യമായെടുക്കാത്തത് വീണ്ടും വീണ്ടും ഇത്തരം സന്ദേശം അയയ്ക്കാന്‍ ഏജന്‍സികളെ പ്രേരിപ്പിക്കുന്നു.

Related posts