ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മറ്റൊരു ‘ഓഖി’ ആയി മാറുമോ ? ബുരേവി ചുഴലിക്കാറ്റിന്റെ ദിശമാറിയാല്‍ കേരളത്തിനു വന്‍ഭീഷണി; പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

ബംഗാള്‍ ഉള്‍ക്കടലിലെ തെക്കു കിഴക്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ പ്രവചിച്ചതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലു ജില്ലകളില്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിന് ഈ നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.

കോട്ടയം, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച് അലര്‍ട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ ന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് ഏകദേശം 1150 കി.മീ ദൂരത്തിലുമാണ്.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഇതോടെ, ബുരേവി ചുഴലിക്കാറ്റ് കേരളത്തെ എത്രമാത്രം ബാധിക്കുമെന്ന് വ്യക്തമാകും.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് ഉറപ്പിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.

നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ് മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

കാറ്റിന്റെ ദിശമാറിയാല്‍ അത് കേരളത്തിനു വന്‍ഭീഷണിയാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ ഭീഷണിയില്ലാത്ത പാത ആണെങ്കിലും മറിച്ചായാല്‍ സാധ്യതയുള്ള രണ്ടു പാതകളും കേരളത്തിന്റെ തെക്കന്‍ മേഖലയെ ദോഷകരമായി ബാധിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് കടക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അതു തെക്കന്‍കേരളത്തിലൂടെയാകും.

അതിലും വലിയ ഭീഷണിയായി മാറും കേരളത്തിലെ തീരപ്രദേശത്തു കൂടി കാറ്റിന്റെ ഗതി മാറിയാല്‍. അത്തരത്തിലുണ്ടായാല്‍ അത് മറ്റൊരു ഓഖിക്ക് സമാനമാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. തീരമേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാളെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം കല്ലട റിസര്‍വ്വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട, കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment