കേരളത്തിന് ഒരു കേന്ദ്രമന്ത്രിയേ കിട്ടിയേക്കും, കേന്ദ്ര മന്ത്രിസഭ പുന:സംഘടന ഞായറാഴ്ച്ച, മോദിക്കും അമിത് ഷായ്ക്കും മാത്രമറിയാവുന്ന രഹസ്യം നാളെ മോദി പുറത്തുവിടും, സുരേഷ് ഗോപിയെയും കുമ്മനത്തെയും ഡല്‍ഹിക്കു വിളിപ്പിച്ചു

അഴിച്ചുപണിയുന്ന കേന്ദ്ര മന്ത്രിസഭയുടെ പുതിയ ഘടന പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാവിലെ പ്രഖ്യാപിക്കും. പുതിയ മന്ത്രിമാര്‍ ഞായറാഴ്ച രാവിലെ പത്തിനു രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു വിവരം. മോദി മന്ത്രിസഭയുടെ മൂന്നാമത്തെ അഴിച്ചുപണിയാണിത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനയ്ക്കു തിരിക്കും. കേരളത്തില്‍ നിന്ന് ഒരാള്‍ മന്ത്രിയാകുമെന്ന് സൂചനയുണ്ട്. കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എംപി എന്നിവരെ ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും സാധ്യതപട്ടികയില്‍ ഉണ്ട്.

കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. രാജീവ് പ്രതാപ് റൂഡി, ഉമാഭാരതി രാജി, സഞ്ജീവ് കുമാര്‍ ബല്യാന്‍, ഫഗന്‍ സിംഗ് കുലസ്‌തേ, മഹേന്ദ്ര നാഥ് പാണ്ഡേ തുടങ്ങിയവരും രാജിവച്ചിരുന്നു. തുടര്‍ച്ചയായ ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും രാജി സന്നദ്ധത അറിയിച്ചിരുന്നു.

മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തു തന്നെ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കു പാര്‍ട്ടി ചുമതലകള്‍ക്കായി ചില മന്ത്രിമാരെ നിയോഗിക്കും. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില എംപിമാരെ മന്ത്രിമാര്‍ ആക്കിയേക്കുമെന്നും സൂചനയുണ്ട്.

Related posts