കാന്‍സറിനപ്പുറത്തെ ജീവിതം! കാന്‍സര്‍ രോഗികള്‍ക്കും സൗഖ്യം പ്രാപിച്ചവര്‍ക്കും പുതുജീവന്‍; രക്താര്‍ബുദ രോഗികള്‍ക്കായി ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ്

marriage_weddingരക്താര്‍ബുദം ബാധിച്ച രോഗികള്‍ക്കും രോഗത്തോട് പൊരുതി വിജയിച്ചവര്‍ക്കും പുതിയ ജീവിതത്തിന് വഴികാട്ടിയായി മാട്രിമോണിയല്‍ സൈറ്റ്. കോയമ്പത്തൂരിലെ കിഡ്നി സെന്റര്‍ ആന്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അഡ്വാന്‍സിഡ് സെന്റര്‍ ഫോര്‍ ബ്ലഡ് ആന്‍ഡ് ബ്ലഡ് ക്യാന്‍സര്‍ വിഭാഗമാണ് വെബ്സൈറ്റ് ആരംഭിച്ചത്. നിലവില്‍ രക്താര്‍ബുദം ബാധിച്ച രോഗിക്ക് രോഗം ഭേദമായാലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം നിലവില്‍ ലഭിക്കാറില്ല.

വിദ്യഭ്യാസം തൊഴില്‍ എന്നിവയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വൈവാഹിക ജീവിതത്തിലേക്ക് കടക്കാന്‍ രോഗവിമുക്തരായവര്‍ക്ക് അപൂര്‍വ്വമായി മാത്രമെ സാധിക്കാറുള്ളു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. രക്താര്‍ബുദം ബാധിച്ച രോഗികള്‍ക്കും രോഗംമാറിയവര്‍ക്കും രോഗത്തെക്കുറിച്ച് കൃത്യമായ ധാരണ ഉളളതിനാല്‍ പരസ്പരം സഹായിക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് ഇത്തരക്കാരെ മാത്രം ലക്ഷ്യംവെച്ച് വെബ്സൈറ്റ് ആരംഭിക്കുന്നത്.

ഇത്തരത്തിലുള്ള വെബ്സൈറ്റ് ഇന്ത്യ പോലൊരു രാജ്യത്ത് അത്യാവശ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പറയുന്നു. രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റ് രഹസ്യമാക്കി വെക്കും. വിവാഹ ആലോചനകള്‍ അന്വേഷിക്കുന്നവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് തപാലില്‍ സംഘാടകര്‍ക്ക് അയക്കണം. അനുയോജ്യമായ ആലോചനകളുമായി സംഘാടകര്‍ ബന്ധപ്പെട്ടാണ് പിന്നീടുള്ള നീക്കങ്ങള്‍ നടക്കുക. http://bloodandcancerfoundation.com/matrimoni.php എന്ന സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

Related posts