തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളിൽ മിക്കവരേയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണെന്നും ഇതിനാൽ ഭാര്യയേയും മക്കേളയും സൂക്ഷിക്കണമെന്നും കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആരുടേയും പേരെടുത്ത് പറയാതെ ഫേസ്ബുക്കിലാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത്.
ത്യാഗ പൂർണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം.
വാർധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്.
അധികാരലഹരിയിൽ പണക്കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.