ബഹിരാകാശത്തെ കോടികളുടെ നിധിയില്‍ കണ്ണും നട്ട് നാസയും ചൈനയും; 5000 കോടിയുടെ നിധി ഛിഹ്നഗ്രഹങ്ങളില്‍; ആളില്ലാ പേടകങ്ങള്‍ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളിലിറങ്ങാന്‍ ചൈന

astroids600കടലിനടിയിലുള്ള നിധി തപ്പി ഇറങ്ങുന്ന പര്യവേഷകര്‍ അനവധിയാണ്. ഇതുപോലൊരു നിധി തപ്പിയാണ് അമേരിക്കയുടെ നാസയും ചൈനയും ഇറങ്ങുന്നത്. പക്ഷെ നിധി കടലിലല്ല ബഹിരാകാശത്താണ്. 5000 കോടിയിലേറെ ഡോളര്‍ വിലവരുന്ന പ്ലാറ്റിനമാണ് ഈ പറഞ്ഞ നിധി. സൗരയൂഥത്തിലെ അനേകം ഛിന്നഗ്രഹങ്ങളിലാണ് ഇതുപോലെയുള്ള പ്ലാറ്റിനം നിക്ഷേപം
ഉള്ളത്. ഇവയില്‍ പലതും ഭൂമിയ്ക്ക് ഭീഷണിയുമാണ്. ഛിന്നഗ്രഹങ്ങളില്‍ ആളില്ലാപേടകങ്ങളിറക്കി ധാതുക്കളും ലോഹങ്ങളും ഖനനം ചെയ്‌തെടുക്കാനുള്ള പദ്ധതി തയാറാക്കുകയാണ് ചൈന.

ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കാന്‍ നാസ ഇതിനോടകം രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അവയുടെയും ലക്ഷ്യവും ഖനനം തന്നെ. ചൈനയാകട്ടെ എന്നായിരിക്കും പേടകം യാത്ര തിരിക്കുക, ഏത് ചിന്നഗ്രഹത്തെയാണ് ലക്ഷ്യം വയ്ക്കുക തുടങ്ങിയ കാര്യങ്ങളാലോചിച്ച് കണ്‍ഫ്യൂഷനിലാണ്. ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായുള്ള ബജറ്റ് അവര്‍ കുത്തനെ കൂട്ടുകയും ചെയ്തു. ഛിന്നഗ്രഹ ഖനനമാണ് അടുത്ത ലക്ഷ്യമെന്ന് ചൈനയുടെ ലൂണാര്‍ മിഷന്‍ തലവന്‍ വ്യക്തമാക്കുകയും ചെയ്തു. മുടക്കുന്ന കാശിനേക്കാളും അനേകമിരട്ടി മൂല്യം വരുന്ന ധാതുക്കള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ചൈന. ഇക്കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ല താനും. 25 ബില്യണ്‍ മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ലോഹങ്ങളും ധാതുക്കളുമായാണ് പല ഛിന്നഗ്രഹങ്ങളും ഉള്ളതെന്ന് നാസ പണ്ടേ കണ്ടെത്തിയിരുന്നു.

വ്യാഴത്തോടു ചേര്‍ന്നുള്ള ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കാനുള്ള പേടകം ‘ലൂസി’ 2021ലായിരിക്കും നാസ വിക്ഷേപിക്കുക. 2023ലാകട്ടെ ‘സൈക്കി’ എന്ന പേടകവും ആകാശത്തെത്തും. പൂര്‍ണമായും പലതരം ലോഹങ്ങള്‍ നിറഞ്ഞ ‘16സൈക്കി’ എന്ന ഛിന്നഗ്രഹമാണ് ഇതിന്റെ ലക്ഷ്യം. അതേസമയം 2020-25നകം ഛിന്നഗ്രഹങ്ങളിലൊന്നില്‍ തങ്ങളുടെ ആളില്ലാ പേടകം ഇറങ്ങുമെന്നാണ് ചൈന പറയുന്നത്. പക്ഷേ അതില്‍ നിന്നുള്ള ഖനനത്തിന് പിന്നെയും ചുരുങ്ങിയത് 40 വര്‍ഷമെങ്കിലുമെടുക്കും. അതിനായുള്ള റോബോട്ടുകളെയും മറ്റും തയാറാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് അവര്‍ ബഹിരാകാശ ബജറ്റ് കൂട്ടിയതും.

ബഹിരാകാശത്തും തങ്ങളുടെ തനിനിറം കാണിക്കാനാണ് ചൈനയുടെ പദ്ധതി.ഛിന്നഗ്രഹങ്ങളിലൊന്നിനെ പിടിച്ചെടുക്കുകയാണ് ചൈനയുടെ പ്രഥമലക്ഷ്യം. ഇതിനായി ആദ്യം ഒരു ആളില്ലാപേടകം അവിടെയിറക്കും. ശേഷം റോക്കറ്റ് ബൂസ്റ്ററുകള്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഇവയെ എത്തിക്കുകയും ചെയ്യും. ചൈനയുടേതായി വരുന്ന ബഹിരാകാശ നിലയത്തിന്റെ ‘വിശ്രമത്താവളമായും ഈ ഛിന്നഗ്രഹം മാറുമെന്നും ഗവേഷകരുടെ അവകാശവാദം. ലാഭക്കച്ചവടമായതിനാല്‍ ഛിന്നഗ്രഹ ഖനനത്തിന് ചൈനയിലെ സ്വകാര്യമേഖലയുടെയും വന്‍ പിന്തുണയുണ്ട്. പ്ലാറ്റിനവും പല്ലേഡിയവും പോലുള്ള വില പിടിച്ച ലോഹങ്ങള്‍ക്കാകട്ടെ വ്യാവസായിക ലോകത്ത് വന്‍ ഡിമാന്‍ഡും വന്‍ വിലയുമാണ്. ലോഹധാതുക്കള്‍ എത്രമാത്രമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യലക്ഷ്യം പിന്നീടാണ് ഖനനത്തിലേക്കു തിരിയുക. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു ശീലിച്ചത് യാഥാര്‍ഥ്യമാവുമോയെന്ന് കാത്തിരുന്നു കാണാം…

Related posts