ചേർത്തലയിൽ ആയുധമേന്തിയ മോഷ്ടാക്കൾ വിലസുന്നു; കാമറയിൽ പതിഞ്ഞ മോഷ്ടാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി

thief_240317

ചേർത്തല: വാരനാട് മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു. മാരകായുധങ്ങളുമായി ദേഹത്താകെ എണ്ണപുരട്ടി അടിവസ്ത്രം ധരിച്ച് തലക്കെട്ടുധാരികളായ മോഷ്ടാക്കളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ പ്രദേശത്തെ നിരവധി വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. ഒരു വീട്ടിൽ നിന്നും അലമാര കുത്തിതുറന്ന് രണ്ടേമുക്കാൽ പവനോളം വരുന്ന സ്വർണവളയും മൊബൈൽഫോണും ടോർച്ചുംകവർന്നു.

തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് താന്പിചുവട് ചേന്നം തറവെളി അന്നക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 62000 രൂപയുടെ സാധനങ്ങൾ കവർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. അന്നക്കൂട്ടിയുടെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. വീട്ടിൽ അന്നക്കുട്ടിയും മകനുമായിരുന്നു ഉണ്ടായിരുന്നത്. രാത്രി ഉണർന്ന അന്നക്കുട്ടി വീടിന്‍റെ പുറകിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്.

കൂടാതെ ഈ പ്രദേശത്തെ വേറെയും വീടുകളിൽ മോഷണം നടത്താൻ ശ്രമം നടന്നു. തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് കുന്നേവെളി കുഞ്ഞുമോളുടെ വീട്ടിലും, 21-ാം വാർഡ് വെളിയിലായ കരിയിൽ സോളമന്‍റെ വീട്ടിലുമാണ് മോഷണശ്രമം നടന്നത്.

മോഷ്ടാക്കളുടെ ചിത്രം ഒരു വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൈയിൽ മാരകായുധങ്ങളേന്തിയ രണ്ട് മോഷ്ടാക്കളുടെ ചിത്രമാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. മോഷ്ടാക്കളുടെ ചിത്രം ലഭിച്ചതിനെതുടർന്ന് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.

Related posts