അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റിയത് എകെജിയുടെ സ്മരണയ്ക്ക് ! എരുമേലിയിലോ പമ്പയിലോ പിണറായിയുടെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്ന് എം.എം ഹസന്‍; ‘ഗോപാല കഷായ’ത്തിന്റെ പേരില്‍ വിവാദം കൊഴുക്കുന്നു…

പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പായസിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരേ വന്‍ പ്രതിഷേധമുയരുന്നു. ഒരു ബേക്കറി അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്നായിരുന്നു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പായസത്തിന്റെ പേര് ‘ഗോപാല കഷായം’ എന്നാക്കി പേറ്റന്റ് നേടാനുള്ള ശ്രമം.

ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ.പത്മകുമാര്‍ പറഞ്ഞിരുന്നു. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പേരുമാറ്റാനുള്ള തീരുമാനത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ പേരു മാറ്റലിനെതിരേ ശക്തമായി പ്രതികരിച്ചു. ഗോപാല കഷായം എന്ന് പേര് മാറ്റാനുള്ള തീരുമാനം സിപിഎം നേതാവ് ആയിരുന്ന എകെ ഗോപാലന്റെ സ്മരണയ്ക്കാണെന്ന് എം.എം ഹസന്‍ പറഞ്ഞു.ഗോപാല കഷായം എന്ന പേരിട്ട് എ.കെ.ജിയുടെ സ്മരണ ഉണര്‍ത്തുന്ന പത്മകുമാര്‍ പടിയിറങ്ങും മുമ്പ് എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്നും അതിന്റെ ചുവട്ടില്‍ ശബരിമലയില്‍ ‘നവോത്ഥാനം’ നടപ്പാക്കിയ വിപ്ലവകാരി’ എന്നെഴുതി വയ്ക്കണമെന്നും ഹസന്‍ പരിഹസിച്ചു.

ഇത്തരത്തില്‍ ചെയ്താല്‍ പത്മകുമാറിന്റെ കാലഘട്ടത്തില്‍ എ.കെ.ജിക്കും പിണറായിക്കും സ്മാരകങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്താമെന്നും എം.എം ഹസന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പി, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരും പേരുമാറ്റലിനെതിരേ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളില്‍ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇത് ഏര്‍പ്പെടുത്തിയതു ചെമ്പകശ്ശേരി രാജാവാണെന്നാണ് വിശ്വാസം.

Related posts