സോഷ്യൽ മീഡിയ ലൈക്കുകളിലും കമന്റുകളിലും ആനന്ദം കണ്ടെത്തുന്ന ജെൻസികളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. എത്രത്തോളം ലൈക്കുകൾ തങ്ങളിടുന്ന പോസ്റ്റുകൾക്കും ഫീഡുകൾക്കുമൊക്കെ ലഭിക്കുന്നുണ്ടോ എന്ന് നോക്കി നടക്കുന്ന ന്യൂജെൻ പിള്ളേരോട് കിടപിടിക്കാൻ എത്തിയിരിക്കുകയാണ് ഒരു മുത്തശ്ഛനും മുത്തശ്ശിയും. സോഷ്യൽ മീഡിയയിൽ അവർ പങ്കുവച്ച ഫോട്ടോയ്ക്ക് കിട്ടിയ ലൈക്കിൽ ആഹ്ളാദിക്കുകയാണ് അവർ.
ഇത് കേട്ട് ആരും തെറ്റിദ്ധരിക്കേണ്ട വെറും മുന്ന് ലൈക്ക് മാത്രമാണ് വൃദ്ധദന്പതികൾ പങ്കുവച്ച ഫോട്ടോയ്ക്ക് ലഭിച്ചത്. അതിൽ അവർ അത്യധികം സന്തോഷിക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ഇരുവരുടേയും കൊച്ചുമകൾ സുമിത്രാ സിംഗ് അവരുടെ @amma_at_65 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോ പങ്കുവച്ചു.
‘മൂന്ന് പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്’ എന്ന് പുഞ്ചിരിയോടെ ഭാര്യയോട് പറയുന്ന വയോധികനെ കാണാം. ക്യാമറയ്ക്ക് പിന്നിലുള്ള കൊച്ചുമകൾ കൂടി അവരെ പ്രശംസിക്കുന്നതോടെ ദമ്പതികളുടെ സന്തോഷം ഇരട്ടിയാകുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എന്ത് ചെറിയ കാര്യമാണെങ്കതിലും അതിൽ ആനന്ദം കണ്ടെത്തുന്ന ഇവരെ പോലെയുള്ള ആളുകളാണ് സമൂഹത്തിന് മാതൃക എന്നാണ് പലരും കുറിച്ചത്.
