പോളിയോ തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലില്‍ രേഖപ്പെടുത്തി ! ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍;കൈവശമുണ്ടായിരുന്ന പോളിയോ മരുന്നും നശിപ്പിച്ചു…

പോളിയോ തുള്ളിമരുന്ന് നല്‍കാനെത്തിയ ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ വിവരം മതിലില്‍ രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. കൊല്ലം ചിതറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിവരങ്ങള്‍ മതിലില്‍ രേഖപ്പെടുത്തിയ ആശ വര്‍ക്കറായ മഹേശ്വരിയമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആശ വര്‍ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐരക്കുഴി സ്വദേശി സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരേ കടയ്ക്കല്‍ പൊലീസ് കേസെടുത്തു.

മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാ വര്‍ക്കറാണ് മഹേശ്വരിയമ്മ. പോളിയോ നല്‍കാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധനയുടെ ഭാഗമായി മഹേശ്വരിയമ്മ സൈനുലാബ്ദ്ദീന്റെ വീട്ടിലുമെത്തിയിരുന്നു. അംഗന്‍വാടി ജീവനക്കാരിയായ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു.

അഞ്ചു വയസില്‍ താഴയുള്ള കുട്ടികള്‍ ആരും അവിടെയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ആശാവര്‍ക്കര്‍ ഭിത്തിയില്‍ നമ്പര്‍ രേഖപ്പെടുത്തി. ഇത് മായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബനാഥനായ സൈനുദ്ദീനും ഭാര്യ സജ്നയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നാണ് മഹേശ്വരിയമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇവരുടെ കയ്യിലുണ്ടായിരുന്ന പോളിയോ വാക്സിനുകളും നശിപ്പിച്ചു എന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സൈനുദ്ദീനും ഭാര്യക്കുമെതിരെ കേസെടുത്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഹേശ്വരിയമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. പൗരത്വ നിയമ ഭേദഗതി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ സര്‍വെയ്ക്കെത്തുന്നവരോട് പലരും മോശമായി പെരുമാറുന്നു എന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോഷണ്‍ അഭിയാന്‍ സര്‍വെയ്ക്ക് സെന്‍സസും എന്‍പിആറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ പരസ്യവും പുറത്തിറക്കിയിട്ടുണ്ട്.

മഹേശ്വരിയമ്മ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് പൊതുമുതല്‍ നശിപ്പിച്ചതിനും ആശാവര്‍ക്കറുടെ ജോലി തടസപ്പെടുത്തിയതിനും സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തതായി സൂചന.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കാതിരുന്നതിനാല്‍ സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മലപ്പുറം ജില്ലയില്‍ 46 ശതമാനം കുട്ടികള്‍ക്കും ജനുവരി 19ന് പോളിയോ നല്‍കാനായില്ലയെന്നും വിവരമുണ്ട്.

സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 19,59,832 കുട്ടികള്‍ക്ക് 19-ന് തുള്ളിമരുന്ന് നല്‍കി. ആകെ കുട്ടികളുടെ 80 ശതമാനമാണിത്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും വാക്സിനേഷന് പുറത്താണെന്നും സൂചനയുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടേക്ക് രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുവന്നില്ല. മലപ്പുറവും കാസര്‍ഗോഡും പാലക്കാടുമാണ് തുള്ളിമരുന്ന് കുട്ടികള്‍ക്ക് നല്‍കുന്നതില്‍ ഏറ്റവും പിന്നില്‍ പോയത്.

ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകള്‍ 90 ശതമാനം കടന്നിരുന്നു. ചൊവ്വാഴ്ചവരെയാണ് വീടുകളില്‍ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതര്‍ തുള്ളിമരുന്ന് നല്‍കിയത്. എന്നാല്‍, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ പലയിടത്തും അത് മോശം സംഭവങ്ങള്‍ക്ക് വഴിവെച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

Related posts

Leave a Comment