ജയ്പുർ: കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയിൽ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവത്തിൽ ഭാര്യ അഞ്ജുവും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ് എന്നിവരെയും പോലീസ് പിടികൂടി.
ജനുവരി 30നാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം തങ്ങളെ ഇടിച്ച് വീഴ്ത്തിയെന്നും ആശിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമായിരുന്നു അഞ്ജുവിന്റെ മൊഴി. എന്നാൽ ആശിഷിന്റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം. മാത്രമല്ല അഞ്ജുവിന് പരിക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതുംപോലീസിൽ സംശയം ജനിപ്പിച്ചു.
സംഭവ ദിവസം മദ്യപിച്ചിരുന്ന ആശിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും അപകടത്തിൽ ആശിഷ് മരിച്ചുവന്നുമായിരുന്നു അഞ്ജു പോലീസിന് മൊഴി നൽകിയത്.
സംഭവ ദിവസം രാത്രി ഏകദേശം ഒമ്പതിനാണ് ശ്രീ ഗംഗാനഗർ പോലീസിന് ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. ദമ്പതികളെ പോലീസ് അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും ആശിഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആശിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനു ശേഷം തെളിവുകൾ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
അയൽവാസിയായ സഞ്ജുവുമായി അഞ്ജു പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ആഷിഷിന്റെ വിവാഹാലോചന വന്നതും വിവാഹം നടന്നതും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ സഞ്ജുവുമായി ബന്ധം തുടർന്നു.
ഇതിനിടെയാണ് ഇരുവരും ചേർന്ന് ആശിഷിനെ കൊല്ലാൻ പദ്ധതിയിടുന്നത്. ഇതുപ്രകാരം അഞ്ജു, വൈകുന്നേരം ആഷിഷിന് സ്ഥിരമായി മദ്യം നൽകാൻ തുടങ്ങി. മദ്യപാനത്തിനു ശേഷം ഒന്നിച്ച് പുറത്ത് നടക്കാൻ പോകുന്നതും പതിവാക്കി.
സംഭവ ദിവസവും ഇത്തരത്തിൽ ഇരുവരും നടക്കാൻ പോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാത്തിരുന്ന സഞ്ജുവും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർഥും ചേർന്ന് ആഷിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.
