തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ “സർപ്രൈസ്’ സ്ഥാനാർഥികൾ ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. നടി ഭാവനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ പാർട്ടി ഉന്നതതലത്തിൽ ആലോചനകൾ സജീവമാണെന്നാണ് വിവരം. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും ഭാവനയ്ക്കുള്ള വലിയ ജനപ്രീതി വോട്ടായി മാറ്റാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
രാഷ്ട്രീയത്തിനതീതമായ വലിയൊരു സൗഹൃദവലയവും പിന്തുണയും ഭാവനയ്ക്കുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്ന് പാർട്ടി വിലയിരുത്തുന്നു.
മുതിർന്ന നേതാവ് ആയിഷ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് സിപിഎമ്മിന് ക്ഷീണമായിരുന്നു. ഇതിനു മറുപടിയായി ഒരു “ബിഗ് സർപ്രൈസ്’ സ്ഥാനാർഥിയെ അവതരിപ്പിക്കാനാണു സിപിഎം ശ്രമം.
സർക്കാരിന്റെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഭാവനയ്ക്ക് ഇടതുപക്ഷ നിലപാടുകളോട് അനുഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു.
നിലവിലെ എംഎൽഎമാരായ താരങ്ങളെ മാറ്റി നിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭാവനയുടെ പേര് ചർച്ചയാകുന്നത്.
ഭാവനയുടെ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ താരത്തിനായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
